വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവ ഇറങ്ങി ; കാറിന് മുന്നിലൂടെ അപ്രതീക്ഷിതമായി കടുവയെ കണ്ടതിന്‍റെ ഞെട്ടലിൽ പുതുപ്പള്ളിയിലെ യുവാക്കള്‍ ; ഭീതിയിൽ യാത്രക്കാരും നാട്ടുകാരും

Spread the love

ഇടുക്കി: ഇടുക്കി പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. ഇന്ന് പുലർച്ചെയാണ് വിനോദസഞ്ചാരികളുടെ കാറിന് മുന്നിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചുദിവസമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവാക്കള്‍ കാറിൽ പോകുന്നതിനിടെ പെട്ടെന്ന് വലതുവശത്തുനിന്ന് കടുവ കാറിന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നു.

കാറിന് മുന്നിലൂടെ മുന്നോട്ട് നീങ്ങിയ കടുവ മറുവശത്തേ തോട്ടത്തിലേക്ക് കയറി പോവുകയായിരുന്നു. കടുവയെ പെട്ടെന്ന് കണ്‍മുന്നിൽ കണ്ടതിന്‍റെ ഞെട്ടലിൽ കാറിലുണ്ടായിരുന്ന യുവാക്കള്‍ ഒച്ചയെടുക്കുന്നതും വീഡിയോയിലുണ്ട്. കടുവയുടെ വീഡിയോയും ഉടനെ യുവാക്കള്‍ എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി കടുവയെ കണ്ടതിന്‍റെ ഞെട്ടലിലായിരുന്നു യുവാക്കള്‍.

യുവാക്കള്‍ കാറിനുള്ളിൽ നിന്ന് ഒച്ചവെച്ചതിനാലും ഹെഡ്‍ലൈറ്റിന്‍റെ വെട്ടം കണ്ടും കടുവ പെട്ടെന്ന് തന്നെ ഓടിമറയുകയായിരുന്നു. കാറിലായിരുന്നതിനാലാണ് വലിയ അപകടമൊഴിവായത്. പ്രദേശത്ത് കടുവയിറങ്ങിയതോടെ ബൈക്കിലോ മറ്റു ഇരുചക്രവാഹനങ്ങളിലോ സഞ്ചരിക്കുന്നവര്‍ക്കും കാൽന‍ടയാത്രക്കാര്‍ക്കും ഉള്‍പ്പെടെ ഭീതിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group