
വയനാട്ടില്‍ വനപാലക സംഘത്തെ കടുവ ആക്രമിച്ചു : മൂന്നു പേര്‍ക്ക് പരിക്കേറ്റു.. ഒരാളുടെ നില ഗുരുതരം..
സ്വന്തംലേഖകൻ
കോട്ടയം : വയനാട് ഇരുളത്ത്
കടുവയുടെ ആക്രമണത്തില്‍ വനപാലക സംഘത്തിലെ മൂന്നു പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ചീയമ്പം സ്വദേശി ഷാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വാച്ചറായ ഷാജന്‍ ആദിവാസിയാണ്. ഇയാള്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ഇരുളം ആന പന്തി കോളനിയിലെ ഫോറസ്റ്റ് വാച്ച്മാന്മാര്‍ക്കാണ് പരുക്കേറ്റത്.രണ്ടാമത്തെയാള്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുറിച്വാട് റേഞ്ച് ഓഫീസര്‍ കെ. രതീശന്റെ നേതൃത്വത്തില്‍ വനപാലക സംഘം ഫീല്‍ഡ് വിസിറ്റ് നടത്തുന്നതിനിടയിലായിരുന്നു കടുവയുടെ ആക്രമണം.പത്തരയ്ക്കായിരുന്നു അപകടമുണ്ടായത്. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ചര്‍മാര്‍ വനത്തില്‍ നിരീക്ഷണത്തിന് പോയതായിരുന്നു. പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളര്‍ത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാര്‍ പരാതി കൊടുത്തതിനെത്തുടര്‍ന്ന് വനം വകുപ്പ് കൂട് വെച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്.