video
play-sharp-fill

തമിഴ്നാട്ടിലേയ്ക്ക് തീവ്രവാദികൾക്ക് കാർ കടത്ത്: അൽ ഉമ്മ തീവ്രവാദി തൊപ്പി റഫീഖിന്റെ മകൻ അറസ്റ്റിൽ; കോട്ടയത്ത് നിന്ന് തട്ടിക്കൊണ്ടു പോയ റിട്ട. എസ് ഐ യുടെ ഇന്നോവ പിടിച്ചെടുത്തു

തമിഴ്നാട്ടിലേയ്ക്ക് തീവ്രവാദികൾക്ക് കാർ കടത്ത്: അൽ ഉമ്മ തീവ്രവാദി തൊപ്പി റഫീഖിന്റെ മകൻ അറസ്റ്റിൽ; കോട്ടയത്ത് നിന്ന് തട്ടിക്കൊണ്ടു പോയ റിട്ട. എസ് ഐ യുടെ ഇന്നോവ പിടിച്ചെടുത്തു

Spread the love

ജി.കെ വിവേക്

കോട്ടയം : തമിഴ്നാട്ടിൽ അൽ ഉമ്മ തീവ്രവാദികൾക്കായി കാറുകൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തീവ്രവാദ സംഘത്തലവൻ തൊപ്പി റഫീഖിന്റെ മകൻ അറസ്റ്റിൽ. കോയമ്പത്തൂർ കരിമ്പു കടയിൽ സാറമേട് തിപ്പു നഗറിൽ റിയാസുദീനെ (31) യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം. ജെ അരുൺ അറസ്റ്റ് ചെയ്തത്. റിയാസുദ്ദീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് സംഘം കോട്ടയത്തു നിന്നും തട്ടിയെടുത്ത റിട്ട. എസ്ഐയുടെ കാറും പിടിച്ചെടുത്തു.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ നിന്നും നൂറുകണക്കിന് കാറുകൾ കടത്തിയ കേസിൽ നേരത്തെ അറസ്റ്റിലായ അൽ ഉമ്മ സംഘത്തലവൻ തൊപ്പി റഫീഖ് എന്ന കോയമ്പത്തൂർ ഉക്കടം സ്വദേശി മുഹമ്മദ് റഫീഖ് (62) ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിലും, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നു ഭീഷണി മുഴക്കിയതും അടക്കമുള്ള കേസുകളിൽ പ്രതിയാണ് മുഹമ്മദ് റഫീഖ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ വാടനപ്പള്ളി ഗണേശമംലഗം പുത്തൻവീട്ടിൽ അബ്ദുൾ റസാഖിന്റെ മകൻ ഇല്യാസ് (37), എറണാകുളം ആലുവ യു.സി കോളേജ് ചെറിയംപറമ്പിൽ വീട്ടിൽ അബുവിന്റെ മകൻ കെ.എ നിഷാദ് (37)എന്നിവർ ചേർന്ന് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുമായി 11 കാറുകൾ കടത്തിയിരുന്നു. ഇതിൽ കോട്ടയം ജില്ലയിലെ റിട്ട.എസ്.ഐയുടെ കാറും ഉൾപ്പെട്ടിരുന്നു.

സംഭവത്തിൽ അറസ്റ്റിലായ പ്രതികളാണ് തട്ടിയെടുക്കുന്ന കാറുകൾ തമിഴ്‌നാട്ടിൽ തീവ്രവാദികൾക്കാണ് കൈമാറുന്നതെന്നു വെളിപ്പെടുത്തിയത്. ഈ വിവരതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൊപ്പി റഫീഖിനെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ താൻ കാറുകൾ പൊളിച്ചു വിൽക്കുകയായിരുന്നുവെന്നാണ് തൊപ്പി റഫീഖ് പൊലീസിനു മൊഴി നൽകിയത്. ഇതേ തുടർന്ന് കാർ കണ്ടെത്താൻ മറ്റു മാർഗങ്ങൾ പൊലീസ് തേടുകയായിരുന്നു.

ഇതിനിടെയാണ് തൊപ്പി റഫീഖിന്റെ മകൻ റിയാസുദീൻ അച്ഛനെ കാണാൻ രഹസ്യമായി കോട്ടയം ജില്ലാ ജയിലിൽ എത്തിയത്. റിയാസുദീൻ ജയിലിൽ എത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു വിവരം ലഭിച്ചു. തുടർന്നു, ഇദ്ദേഹം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കേസ് അന്വേഷിക്കുന്നതിനായി നിയോഗിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച പൊലീസ് സംഘം റിയാസുദീനെ പിടികൂടി വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് റിയാസുദീന്റെ നേതൃത്വത്തിൽ കാറുകൾ മറിച്ചു വിൽക്കുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തിയത്.

കേരളത്തിൽ നിന്നും കടത്തിക്കൊണ്ടു വരുന്ന കാറുകൾ കൈകാര്യം ചെയ്തിരുന്നത് റിയാസുദീനായിരുന്നു. കോട്ടയത്തെ റിട്ട.എസ്.ഐയിൽ നിന്നും തട്ടിയെടുത്ത ഇന്നോകാർ രണ്ടു ലക്ഷം രൂപയ്ക്കു തിരുന്നൽവേലി സ്വദേശി ബാലുവിനു വിൽക്കുകയായിരുന്നു എന്നു റിയാസുദീൻ സമ്മതിച്ചു. തുടർന്നു വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ, പ്രിൻസിപ്പൽ എസ്.ഐ ടി.ശ്രീജിത്ത്, എ.എസ് ഐ പി.എൻ മനോജ് , എസ്.സി.പി.ഒ ടി.ജെ സജീവ് , കെ.ആർ ബൈജു , വിഷ്ണു വിജയദാസ് എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെത്തി കാർ പിടിച്ചെടുത്തു.

റിയാസിന്റെ ബാങ്ക് അക്കൗണ്ടിൽ ഒരു കോടി രൂപയ്ക്കു മുകളിൽ പണമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നടത്തിയിരുന്ന ഇടപാടുകളിൽ ദൂരൂഹതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള വാട്സ്അപ്പ് ഗ്രൂപ്പുകളിൽ റിയാസുദീൻ അംഗമാണെന്നു ഇയാളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ റിയാസുദീനെ റിമാൻഡ് ചെയ്തു.

തമിഴ്നാട്ടിലേയ്ക്ക് കേരളത്തിൽ നിന്നും നിരവധി കാറുകൾ ഇത്തരത്തിൽ മോഷ്ടിച്ചു കൊണ്ടു പോയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ആണ് തീവ്രവാദ സംഘടനയുടെ പക്കൽ നിന്നും കാർ തിരികെ പിടിക്കുന്നത്. മുൻപ് തൊപ്പി റഫീഖിനെയും സംഘത്തെയും തേടി കേരളത്തിൽ നിന്നെത്തിയ പോലീസ് സേനാംഗങ്ങളെ ആക്രമിച്ചിരുന്നു. ഇത്തരത്തിലുള്ള തീവ്രവാദികളെയാണ് ജില്ല പൊലീസ് തന്ത്രപരമായി കുടുക്കിയത്.