
നാട്ടിലേക്ക് ക്രിസ്‌മസ്, പുതുവത്സര അവധികള്‍ ആഘോഷിക്കാനായി നിരവധി പ്രവാസി മലയാളികളാണ് ഈ വർഷവും വന്നെത്തിയത്. എന്നാൽ വീട്ടുകാർക്ക് ഒപ്പം ആഘോഷ ദിനങ്ങള്‍ കൊണ്ടാടിയ പ്രവാസികളുടെ മടങ്ങിപ്പോക്കിന് ഇത്തവണ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാരണം അത്രയും നിരക്ക് വർധനയാണ് ഉണ്ടായിരിക്കുന്നത്.
നിലവില്‍ യുഎഇയില്‍ നിന്ന് കേരളത്തിലെ വിവിധ എയർപോർട്ടുകളില്‍ നിന്ന് നാട്ടിലേക് എത്താൻ വേണ്ടതിന്റെ മൂന്നിരട്ടിയോളം തുകയാണ് തിരിച്ചുള്ള യാത്രയ്ക്ക് മുടക്കേണ്ടി വരുന്നത്. അതായത് നാലംഗ കുടുംബത്തിന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തന്നെ അവധി കഴിഞ്ഞ് മടങ്ങി പോവാൻ വലിയൊരു തുക തന്നെ കണക്കാക്കേണ്ടി വരുമെന്നാണ് അർത്ഥമാക്കുന്നത്.യാത്രക്കാരുടെ തിരക്ക് വലിയ തോതില്‍ കൂടിയതോടെയാണ് വിമാനക്കമ്ബനികളുടെ തീവെട്ടി കൊള്ള ഉണ്ടായിരിക്കുന്നത്. നാളെ കോഴിക്കോട്ടുനിന്നു ദുബായിലെത്താൻ 45,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഒരാള്‍ക്ക് മാത്രം മുടക്കേണ്ടത്. എന്നാല്‍ ദുബായില്‍ നിന്ന് കോഴിക്കോട്ടെത്താൻ 3 പേർക്ക് അത്രയും തുക മതി എന്നതാണ് നിലവിലെ സാഹചര്യം. ദുബായിലേക്ക് 8,000 രൂപ മുതല്‍ 14,000 രൂപ വരെയാണ് സാധാരണ നിരക്ക് ഉണ്ടാവാറുള്ളത്.
നീണ്ട അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടില്‍ ചെലവഴിക്കാനായി എത്തിയവരില്‍ ഭൂരിഭാഗവും തിരിച്ചുപോകുന്ന സമയത്താണ് ഈ അനിയന്ത്രിതമായ നിരക്ക് വർധന. നാളെ കോഴിക്കോട്-അബുദാബി ടിക്കറ്റ് നിരക്ക് 41,000 രൂപയാണ്. എന്നാല്‍ തിരിച്ച് അബുദാബി -കോഴിക്കോട് ടിക്കറ്റ് നിരക്ക് 15,000 രൂപ മാത്രമാണ്. സമാനമായി കോഴിക്കോട്-ഷാർജ 46,000 രൂപയാണെങ്കില്‍ ഷാർജയില്‍നിന്ന് കോഴിക്കോട്ടെത്താൻ പരമാവധി 18,000 രൂപ മാത്രം മതി.യുഎഇ മാത്രമല്ല, സൗദി അടക്കമുള്ള രാജ്യങ്ങളിലേക്കും സമാന സ്ഥിതി തന്നെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട്ട് നിന്ന് ദോഹയിലേക്ക് നാളെ 35,000 രൂപയും ദോഹയില്‍നിന്ന് കോഴിക്കോട്ടേക്ക് 21,000 രൂപയുമാണ് നിരക്കുള്ളത്. കോഴിക്കോട്ടുനിന്ന് നാളെ ജിദ്ദയിലേക്ക് 62,000 രൂപ വരെ നിരക്കുണ്ട്. എന്നാല്‍ പകുതി തുകയുണ്ടെങ്കില്‍ ജിദ്ദയില്‍നിന്നു കോഴിക്കോട്ടെത്താൻ സാധിക്കും. കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് 33,000 രൂപയും ദമാമിലേക്ക് 34,000 രൂപയുമാണ് ടിക്കറ്റിനായി മുടക്കേണ്ടത്.
എന്നാല്‍ കോഴിക്കോട്ടേക്ക് റിയാദില്‍ നിന്ന് 23,000 രൂപയും ദമാമില്‍നിന്ന് 16,000 രൂപയും മതിയാവും. നിരക്ക് വർധന നിർബാധം തുടരുമ്ബോള്‍ അധികൃതർ ഇടപെടണമെന്നാണ് പ്രവാസികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഇതില്‍ പക്ഷേ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി കുതിച്ചുയരുന്നത് തുടരുകയാണ്.



