ടിക്ടോക് വീണ്ടും തിരിച്ചെത്തിയോ..? അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ടിക്ടോക് വെബ്സൈറ്റിൽ ലഭിച്ചു തുടങ്ങി

Spread the love

മുംബൈ: ലോകത്തെ ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ചൈനീസ് ആപ്പായ ടിക്ടോക്കിനെ അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് കേന്ദ്രസർക്കാർ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി നിരോധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതിർത്തിയിലെ പ്രശ്നങ്ങൾ കാരണം വഷളായതിന് പിന്നാലെയായിരുന്നു ഇത്.

ഇപ്പോൾ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം ഊഷ്മളമാകുന്ന പശ്ചാത്തലത്തിലാണ് ടിക്ടോക്കിന്റെ വെബ്സൈറ്റ് ഇന്ത്യയിൽ ലഭിച്ചുതുടങ്ങിയത്. അതേസമയം ടിക്ടോക്കിന്റെ മൊബൈൽ ആപ്പ് ഇതുവരെ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും തിരികെയെത്തിയിട്ടില്ല. ടിക്ടോക്കിന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്ടോക്കിന്റേയോ മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റേയോ ഇതുവരെ വന്നിട്ടില്ല.

ടിക്ടോക്കിന്റെ വെബ്സൈറ്റ് തങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പേർ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളും കമന്റുകളും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ടിക്ടോക്ക് ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു എന്ന കാര്യത്തിന് യാതൊരു ഔദ്യോഗിക സ്ഥിരീകരണവുമില്ല.
ടിക്ടോക്ക് തിരിച്ചുവരുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ടിക്ടോക്കിന്റെ ഉപഭോക്താക്കളായിരുന്നവർ ഏറ്റെടുത്തത്. ഇന്നത്തെ ഇൻസ്റ്റഗ്രാം റീൽസും യൂട്യൂബ് ഷോർട്ട്സുമെല്ലാം ടിക്ടോക്കിന്റെ മാതൃക പിന്തുടർന്നെത്തിയവരാണ്. 2020-ൽ ഇന്ത്യ ടിക്ടോക്ക് നിരോധിച്ചതിന് ശേഷമാണ് റീൽസും ഷോർട്ട്സും ജനകീയമായത്. അതുവരെ ടിക്ടോക്കായിരുന്നു ഷോർട്ട് വീഡിയോ സോഷ്യൽ മീഡിയാ ആപ്പുകളിലെ മുടിചൂടാമന്നൻ. മലയാളികൾ ഉൾപ്പെടെ സാധാരണക്കാരായ ഒട്ടേറെ പേരെ താരങ്ങളാക്കിയതിൽ ടിക്ടോക്കിന് നിർണായക പങ്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക് ടോക്ക് നിരോധനം

രാജ്യ സുരക്ഷ മുൻനിർത്തി ടിക് ടോക്ക് ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് 2020 ജൂണിൽ കേന്ദ്രസർക്കാർ നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും സുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിച്ചതെന്നാണ് കേന്ദ്രസർക്കാർ അന്ന് പ്രസ്താവനയിലൂടെ പറഞ്ഞത്.

നിരോധനം സംബന്ധിച്ച ചർച്ചകൾ അതിനും ഏറെ നാൾ മുമ്പ് തന്നെ നടക്കുന്നുണ്ടായിരുന്നു. ലഡാക്കിൽ ചൈനയുമായുള്ള സംഘർഷം ഉണ്ടായതാണ് ടിക്ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ അന്ന് നിരോധിക്കാനുണ്ടായ പെട്ടെന്നുള്ള കാരണം.