play-sharp-fill
ടിക് ടോക്ക് ചലഞ്ച് കൂട്ടയടിയിൽ കലാശിച്ചു; യുവതികളടക്കം എട്ടുപേർക്ക് പരിക്ക്

ടിക് ടോക്ക് ചലഞ്ച് കൂട്ടയടിയിൽ കലാശിച്ചു; യുവതികളടക്കം എട്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

തിരൂർ: സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശത്തിനിടയാക്കിയ ടിക്ക് ടോക്കിലെ നില്ല് നില്ല് ചലഞ്ച് കൂട്ടയടിയിൽ കലാശിച്ചു. മലപ്പുറത്ത് നടന്ന സംഘർത്തിൽ ഒരു സ്ത്രീയടക്കം എട്ട് പേർക്ക് പരിക്കേറ്റു. തിരൂർ സ്വദേശികളായ നസീം, ഫർഹാൻ, ഷാഹിദ്, ഷൗക്കത്ത്, റാഫി, സച്ചിൻ, മന്നാൻ, സൗത്ത് അന്നാര സ്വദേശി സുജാത എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിൽ കുപ്രസിദ്ധി നേടിയ ചലഞ്ചിന് വലിയ തോതിലുള്ള വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. അപകടം വിളിച്ചുവരുത്തുന്ന ചലഞ്ചിനെതിരെ അധികൃതർ നടപടിയ്ക്കൊരുങ്ങവെയാണ് ചലഞ്ചിന്റെ പേരിൽ ആക്രമണം നടന്നത്.

പൂങ്ങോട്ട് കുളത്തെ ഒരു കോളജ് പരിസരത്ത് വിദ്യാർത്ഥികൾ നടത്തിയ ചലഞ്ചാണ് സംഘർഷത്തിനു കാരണമായത്. വെള്ളിയാഴ്ചയാണ് സംഭവങ്ങൾക്ക് തുടക്കം. കോളജിലെ വിദ്യാർത്ഥികൾ ചലഞ്ച് ഏറ്റെടുത്ത് റോഡിൽ വാഹനങ്ങളെ തടഞ്ഞ് പാട്ടിന് ചുവട് വെച്ചു. ഗതാഗതക്കുരുക്ക് കാരണം സഹികെട്ട നാട്ടുകാർ വിദ്യാർത്ഥികളെ ചോദ്യം ചെയ്തത് ചെറിയ വാക്കേറ്റത്തിനിടയാക്കി. പിന്നീട് ഇത് നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കിയെങ്കിലും തിങ്കളാഴ്ച രാവിലെ വിദ്യാർത്ഥികൾ നാട്ടിലുള്ള സുഹൃത്തുക്കളുമായെത്തി ഇത് ചോദ്യം ചെയ്തവരെ അക്രമിക്കുകയായിരുന്നു. ക്രിക്കറ്റ് സ്റ്റമ്പ്, കമ്പി, കത്തി തുടങ്ങി ആയുധങ്ങളുമായാണ് അക്രമിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. റോഡിൽ വാഹനങ്ങൾക്കു മുമ്പിലേക്ക് ഇറങ്ങി നിന്ന് നില്ല് നില്ല്..നില്ലെന്റെ നീല കുയിലേ.. എന്ന പാട്ടിനൊത്ത് നൃത്തം ചെയ്ത് അതിന്റെ ദൃശ്യം ‘ടിക് ടോക്’ എന്ന ആപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ് ചലഞ്ച്. ഒറ്റക്കും സംഘമായും ഒട്ടേറെ പേർ ഇങ്ങനെ വിഡിയോ എടുക്കുന്നത് സമൂഹ മാധ്യമങ്ങളിലടക്കം ഏറെ വിമർശനങ്ങളാണ് ചലഞ്ചിനെതിരെ ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group