തുഷാറിനെതിരായ കുരുക്ക് മുറുക്കി നാസിൽ : ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു

തുഷാറിനെതിരായ കുരുക്ക് മുറുക്കി നാസിൽ : ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു

ദുബായ്: വണ്ടി ചെക്ക് കേസില്‍ യുഎഇയില്‍ നിയമ നടപടി നേരിടുന്ന ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളിക്കെതിരെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള ദുബായ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. തുഷാറില്‍ നിന്ന് കരാര്‍ പ്രകാരം ഉള്ള തുക കിട്ടണമെന്നാവശ്യപ്പെട്ടാണ് സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. തുഷാറിന് എതിരെ അജ്മാന്‍ കോടതിയിൽ ക്രിമിനൽ കേസ് നൽകിയതിന് പുറമെയാണ് സിവിൽ കേസും നൽകിയിരിക്കുന്നത്.

അതേസമയം തുഷാര്‍ വെളളാപ്പളളിയെ ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സൂചിപ്പിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നു.തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്ദുളള അഞ്ചുലക്ഷം രൂപ പ്രതിഫലം നല്‍കി ചെക്ക് മറ്റൊരാളില്‍ നിന്നും വാങ്ങിയതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. തന്റെ സുഹൃത്തിനോട് നാസില്‍ അബ്ദുളള സംസാരിക്കുന്നതാണ് ശബ്ദരേഖ.

അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ തുഷാര്‍ ഒപ്പിട്ട ചെക്ക് ലഭിക്കുമെന്നും മറ്റ് രേഖകള്‍ കൈവശമുള്ളതിനാല്‍ തുഷാറിനെ കുടുക്കാന്‍ കഴിയുമെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. തനിക്ക് തരാനുള്ള പണം തുഷാര്‍ കുറച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍, അത് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ പക്കല്‍ രേഖയൊന്നുമില്ലെന്നും നാസില്‍ പറയുന്നതായി സംഭാഷണത്തില്‍ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുഷാര്‍ കുടുങ്ങിയാല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പണം തരും. തുഷാര്‍ അകത്തായാല്‍ വെളളാപ്പളളി ഇളകുമെന്നും ശബ്ദരേഖയില്‍ പറയുന്നു.

എന്നാൽ പുറത്ത് വന്ന ശബ്‌ദരേഖ പൂർണമല്ലെന്നാണ് നാസിലിന്റെ പ്രതികരണം. കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുളള ഒരാളുടെ പക്കലായിരുന്നു. ഇത് പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുളളതെന്നും നാസിൽ പറ‍ഞ്ഞു. അതേസമയം സത്യം തെളിഞ്ഞെന്ന് വെളളാപ്പളളി നടേശൻ
പ്രതികരിച്ചു.

10 വര്‍ഷം മുമ്പുള്ള ഒരു ഇടപാടില്‍ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്നാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള തുഷാറിനെതിരേ അജ്മാന്‍ നുഐമി പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.