തുഷാർ കേസിൽ ഇനി ഇടപെടില്ല ; യൂസഫലി
സ്വന്തം ലേഖിക
ദുബായ് : തുഷാറിന്റെ സാമ്പത്തിക ബാധ്യതകൾ സ്വദേശി പൗരന് ഏറ്റെടുക്കാൻ കഴിയുമോയെന്ന് അജ്മാൻ കോടതിക്ക് ആശങ്ക.ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തുക നൽകുക മാത്രമാണ് താൻ ചെയ്തിട്ടുള്ളൂവെന്നും മറ്റൊരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും പ്രമുഖ വ്യവസായി എം എ യൂസഫലി. ഈ കേസിൽ തുടർന്നും ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിയായ യൂസഫലി അറിയിച്ചു. അതേസമയം കേരളത്തിലേക്ക് തിരിച്ചുവരാനുള്ള തുഷാറിന്റെ അപേക്ഷ അജ്മാൻ കോടതി ഇന്നലെ തള്ളി കളഞ്ഞു.
സ്വദേശി പൗരന്റെ പാസ്പോർട്ട് നൽകി സ്വന്തം പാസ്പോർട്ടുമായി കേരളത്തിലേക്ക് മടങ്ങാനായിരുന്നു തുഷാറിന്റെ നീക്കം. എന്നാൽ തുഷാറിന്റെ സാമ്പത്തിക ബാധ്യതകൾ സ്വദേശി പൗരന് ഏറ്റെടുക്കാൻ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാണ് അജ്മാൻ പ്രോസിക്യൂട്ടറുടെ നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്ത് വർഷം മുമ്പുള്ള ഒരു ഇടപാടിന്റെ ഭാഗമായി ഒമ്പത് ദശലക്ഷം ദിർഹം(ഏകദേശം ഇരുപത് കോടി രൂപ) തനിക്ക് കിട്ടാനുണ്ടെന്ന് കാണിച്ച് തൃശൂർ മതിലകം സ്വദേശി നാസിൽ അബ്ദുള്ള നൽകിയ പരാതിയിലാണ് തുഷാറിനെതിരെ അജ്മാൻ പോലീസ് കേസെടുത്തത്. പത്ത് വർഷം മുമ്പുള്ള ചെക്കാണ് പരാതിയോടൊപ്പം നാസിൽ പോലീസിന് നൽകിയിരിക്കുന്നത്. പരാതി നൽകിയ കാര്യം അറിയാതെ ഈ മാസം 20ന് യുഎഇയിലെത്തിയ തുഷാറിനെ പോലീസ് അവിടെ ഒരു ഹോട്ടലിൽ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എം എ യൂസഫലിയാണ് തുഷാറിന് വേണ്ടി പണം കെട്ടിവച്ച് അദ്ദേഹത്തെ ജാമ്യത്തിലിറക്കിയത്. അതേസമയം പാസ്പോർട്ട് സമർപ്പിച്ചിരിക്കുന്നതിനാൽ തുഷാറിന് യുഎഇ വിട്ടുപോകാൻ അനുമതിയില്ല. ഈ അനുമതിയ്ക്കായാണ് തുഷാർ ഇന്നലെ അപേക്ഷ നൽകിയത്. തുഷാറുമായി ബന്ധപ്പെട്ട കേസ് യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും അതിൽ ബാഹ്യമായ ഒരു ഇടപെടലും സാധിക്കില്ലെന്നും യൂസഫലി പ്രസ്താവനയിൽ പറഞ്ഞു. വളരെ ശക്തമായ നിയമ സംവിധാനമാണ് യുഎഇയിൽ നിലനിൽക്കുന്നത്. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോകുകയുള്ളൂവെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.