ചെക്ക് കേസിൽ ശിക്ഷിക്കപ്പെടുന്നതിൽ നിന്നും തുഷാർ കഷ്ടിച്ചു രക്ഷപെട്ടു: നിർണ്ണായകമായത് യൂസഫലിയൂടെ ഇടപെടൽ; കോടതിയിൽ നിന്നും രക്ഷപെട്ടത് കേസും കൂട്ടവും പൂർണമായും ഇല്ലാതാക്കി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തുഷാർവെള്ളാപ്പള്ളിയെ ദിവസങ്ങളോളം ജയിലിൽ അടയ്ക്കുകയും നാട്ടിലേയ്ക്ക് മടങ്ങാനാവാതെ വരികയും ചെയ്ത ചെക്കു കേസിൽ ഏറ്റവും ഒടുവിൽ സംഭവിച്ചത് നിർണ്ണായകമായ ഇടപെടൽ എന്ന് സൂചന. കേസ് കോടതിയിൽ വച്ച് തന്നെ തീർപ്പാക്കുന്ന രീതിയിൽ തുഷാർ വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കുന്ന രീതിയിൽ ഇടപെടൽ ഉണ്ടായതാണ് ഇപ്പോൾ കേസിൽ ഏറെ നിർണ്ണായകമായിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന.
തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളിയതോടെയാണ് ഇനി തിരികെ നാട്ടിലേയ്ക്ക് മടങ്ങാൻ തുഷാറിന് അവസരം ഒരുങ്ങുന്നത്. പരാതിക്കാരൻ സമർപ്പിച്ച രേഖകളിൽ കോടതി സംശയം പ്രകടിപ്പിച്ചതോടെയാണ് കേസ് തള്ളിയത്. രേഖകളുടെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് തള്ളിയതിനെ തുടർന്ന് തുഷാർ വെള്ളാപ്പള്ളിയുടെ പാസ്പോർട്ടും തിരിച്ചു നൽകി.കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 21നാണ് ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായത്. ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവർഷം മുമ്പ് അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ഏൽപിച്ച തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്ക്ക് നൽകിയ വണ്ടിച്ചെക്ക് നൽകിയെന്നായിരുന്നു ആരോപണം.ബിസിനസ് പങ്കാളിക്കു നൽകിയ 90 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. പത്തുവർഷം മുമ്പ് നടന്ന ഇടപാടായിരുന്നു തുഷാറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. എഞ്ചിനീയറായ നാസിൽ അബ്ദുള്ളയെയായിരുന്നു കമ്പനിയുടെ ഉപകരാർ ജോലികൾ ഏൽപ്പിച്ചിരുന്നത്. ഒരു ഇടപാടിൽ നാസിൽ അബ്ദുള്ളക്ക് തുഷാർ വണ്ടിചെക്കായിരുന്നു നൽകിയിരുന്നത് എന്നായിരുന്നു നാസിലിന്റെ പരാതി.
നേരത്തെ ഈ കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. വിദേശത്ത് ഏറെ സ്വാധീനമുള്ള മലയാളി വ്യവസായി എം.എ യൂസഫലി നടത്തിയ ഇടപെടലാണ് ജാമ്യ നടപടികൾ വേഗത്തിലാക്കിയത്. 10 ലക്ഷം ദിർഹമാണു (ഏകദേശം 1.9 കോടി രൂപ) ജാമ്യത്തുക. എന്നാൽ പാസ്പോർട്ട് പിടിച്ചുവച്ചിരിക്കുന്നതിനാൽ തുഷാറിനു യുഎഇ വിടാനായിരുന്നില്ല. നാസിൽ അബ്ദുള്ള കരാർ ജോലി ചെയ്ത വകയിൽ 90 ലക്ഷം ദിർഹം (ഏകദേശം 17.1 കോടി രൂപ) കിട്ടാനുണ്ടെന്നാണ് പരാതി. എന്നാൽ പരമാവധി 6 ലക്ഷം ദിർഹത്തിന്റെ കരാറുകൾ മാത്രം നൽകിയിരുന്ന ഒരാൾക്ക് ഇത്രയും തുക ഇനി നൽകാനില്ലെന്നും പണമിടപാടുകൾ നേരത്തെ തീർത്തതാണെന്നുമായിരുന്നു തുഷാറിന്റെ വാദം.പരാതിക്കാരന്റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹർജി കോടതി തള്ളിയത്. നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകുകയായിരുന്നു. നേരത്തേ നാട്ടിലേക്ക് തുഷാർ പോകുന്നത് തടയാൻ നാസിൽ നൽകിയ സിവിൽ കേസും കോടതി തള്ളിയിരുന്നു. നാസിലിന് താൻ ചെക്ക് നൽകിയിട്ടില്ലെന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാർ വാദിച്ചിരുന്നു.പത്തുലക്ഷം യുഎഇ ദിർഹത്തിന്റെതാണ് ചെക്ക്. ബിസിനസ് തകർന്ന് നാട്ടിലേക്ക് കടന്ന തുഷാർ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായെന്നും ഇതിനിടെ പലതവണ കാശ് കൊടുത്തു തീർക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് നാസിൽ അബ്ദുള്ള ആരോപിച്ചു. ഒടുവിൽ സ്വദേശിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസിൽ ഗൾഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവർഷം മുമ്പ് നൽകിയ ചെക്കിന് ഇപ്പോൾ സാധുത ഇല്ലെന്ന് തുഷാർ വാദിച്ചിരുന്നു. നാസിൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ അത്രയും തുക താൻ നൽകാനില്ലെന്നും തുഷാർ വാദിക്കുകയായിരുന്നു.കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി തുഷാർ വെള്ളാപ്പള്ളിയും പിതാവ് വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. നീതിയുടെ വിജയം എന്നായിരുന്നു തുഷാറിന്റെ പ്രതികരണം. കേസിൽ ഇടപെട്ടതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറയുന്നു എന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.