കുത്തക മുതലാളിമാരുടെ തുണിക്കടകളിൽ ജീവനക്കാർക്ക് ഇരിപ്പിടമില്ല; 58 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി

കുത്തക മുതലാളിമാരുടെ തുണിക്കടകളിൽ ജീവനക്കാർക്ക് ഇരിപ്പിടമില്ല; 58 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി

സ്വന്തംലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ തുണിക്കടകളിൽ ജീവനക്കാർക്ക് ഇരിപ്പിടം നൽകാത്ത 58 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണൻ. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം തൊഴിൽ വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. 1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ തൊഴിൽ ഇടങ്ങളിൽ സ്ത്രീകൾക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയിരുന്നു.കേരളത്തിൽ ടെക്സൈറ്റൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായിരുന്നു പരിശോധന. സംസ്ഥാനവ്യാപകമായി നടത്തിയ 186 സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 58 നിയമലംഘനങ്ങൾ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങൾ ജീവനക്കാർക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. പരിശോധനയിൽ നിയമം പാലിക്കാത്തവർക്കെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.1960-ലെ ഷോപ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്‌സ് ആക്റ്റിൽ ഭേദഗതിയിലൂടെ തൊഴിലിടങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം നൽകണമെന്ന വ്യവസ്ഥ സർക്കാർ കൊണ്ടുവന്നിരുന്നു. നിർദേശിക്കപ്പെട്ട സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ ലേബർ കമ്മീഷണർ സി.വി.സജൻ ഐ.എ.എസിനു നിർദേശം നൽകിയിരുന്നു.റീജണൽ ജോയിന്റ് ലേബർ കമ്മീഷണർമാരുടെ മേൽനോട്ടത്തിൽ ജില്ലാ ലേബർ ഓഫീസർമാരുടെയും അസി. ലേബർ ഓഫീസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജിയണലിൽ 78 ഇടങ്ങളിലെ പരിശോധനയിൽ 34 ഇടങ്ങളിലും എറണാകുളം റീജിയണലിൽ 33 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 24 ഇടങ്ങളിലും കോഴിക്കോട് റീജിയണിൽ 75 സ്ഥാപനങ്ങളിലെ പരിശോധനയിൽ 23 സ്ഥാപനങ്ങളിലും നിയമലംഘനം നടന്നതായി കണ്ടെത്തി. പരിശോധനയിൽ ജീവനക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടികൾ ആരംഭിച്ചു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ അറിയിച്ചു