play-sharp-fill
യാതൊരു തുമ്പും കിട്ടാതിരുന്ന കൊലക്കേസിന്റെ ചുരുളഴിച്ചത് ഒരു കൂട്ടം ഈച്ചകൾ: പ്രതി അറസ്റ്റിലാവുകയുംചെയ്തു.

യാതൊരു തുമ്പും കിട്ടാതിരുന്ന കൊലക്കേസിന്റെ ചുരുളഴിച്ചത് ഒരു കൂട്ടം ഈച്ചകൾ: പ്രതി അറസ്റ്റിലാവുകയുംചെയ്തു.

ജബൽപൂർ: ഒരു തെളിവു പോലും അവശേഷിക്കാതിരുന്ന ഒരു കൊലപാതക കേസ് തെളിയിക്കാൻ പോലീസിനെ സഹായിച്ച്‌ ഈച്ചകള്‍. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം
തെളിവുകള്‍ ഒന്നും കിട്ടാതെ ബുദ്ധിമുട്ടിയ പോലീസിന് കൊലപാതകി ആരെന്നും അതിനുള്ള തെളിവും ഈച്ചകള്‍ നല്‍കി.

ഒക്‌ടോബർ 31 -ന് രാവിലെ മധ്യപ്രദേശിലെ ജബല്‍പൂരിലെ വയലില്‍ ഒരു മൃതദേഹം കണ്ടെത്തി. വിശദമായ പരിശോധനയില്‍ അത് ഒരു ദിവസം മുൻപ് കാണാതായതായി പോലീസില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട മനോജ് താക്കൂർ എന്ന 26 -കാരന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ഒക്‌ടോബർ 30 -ന് രാത്രി അനന്തരവൻ ധരം സിങ്ങിനൊപ്പം മദ്യപിച്ചുകൊണ്ടിരിക്കുന്ന മനോജിനെ നാട്ടുകാരില്‍ ചിലർ കണ്ടിരുന്നു. പിന്നീട് അയാളെക്കുറിച്ച്‌ ആർക്കും ഒരു വിവരവും ലഭിച്ചില്ല. ആ രാത്രി കഴിഞ്ഞ് പിറ്റേന്ന് നേരം പുലർന്നിട്ടും മനോജ് തിരികെ വീട്ടിലെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പോലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്ന് രാവിലെയാണ് മനോജ് താക്കൂറിൻ്റെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. ഇയാളെ ജീവനോടെ അവസാനമായി കണ്ടത് അദ്ദേഹത്തിൻ്റെ അനന്തരവൻ ധരം സിംഗിനൊപ്പം ആയിരുന്നുവെന്ന് നാട്ടുകാരുടെ മൊഴിയെ തുടർന്ന് പോലീസ് അയാളെ വിശദമായി ചോദ്യം ചെയ്തു. എന്നാല്‍, അയാളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ സംശയിക്കേണ്ടതായി ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചില്ല.

ഇയാള്‍ക്ക് പുറമേ നിരവധിപേരെ പോലീസ് ചോദ്യം ചെയ്തെങ്കിലും കേസന്വേഷണത്തിന് സഹായകമായ തുമ്പുകള്‍ ഒന്നും ലഭിച്ചില്ല. മൃതദേഹം കണ്ടെത്തിയപ്പോള്‍ മോഷണശ്രമം നടന്നതിന്റെ തെളിവുകള്‍ ഒന്നും ഉണ്ടായിരുന്നുമില്ല. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് വീട്ടുകാർ സ്ഥിരീകരിച്ചു. ഇയാളോട് ആർക്കും പകയുള്ളതായും കണ്ടെത്താനായില്ല.

ഡസൻ കണക്കിന് സാക്ഷികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തതിനുശേഷം പോലീസ് ഉദ്യോഗസ്ഥർ വീണ്ടും മനോജിനെ ജീവനോടെ അവസാനമായി കണ്ട അനന്തരവൻ ധരം സിംഗിനെ ഒരിക്കല്‍ കൂടി ചോദ്യംചെയ്യാൻ തീരുമാനിച്ചു. പോലീസിനോട് സഹകരിച്ച അയാള്‍ തീർത്തും ശാന്തനായാണ് ചോദ്യം ചെയ്യലില്‍ കാണപ്പെട്ടത്. എന്നാല്‍ അസ്വാഭാവികമായ ചിലത് അന്ന് അവിടെ നടന്നു. അയാളിലേക്ക് ഈച്ചകള്‍ വല്ലാതെ ആകർഷിക്കപ്പെടുന്നതായി പോലീസ് ശ്രദ്ധിച്ചു. ചോദ്യം ചെയ്യലില്‍ ഉടനീളം തന്നില്‍ നിന്ന് ഈച്ചകളെ അകറ്റാൻ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ചാർഗവാൻ പൊലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അഭിഷേക് പയസിക്ക് സംശയം തോന്നി. ഒടുവില്‍, ഷർട്ട് അഴിച്ച്‌ പോലീസിന് കൈമാറാൻ ധരമിനോട് അദ്ദേഹം ആവശ്യപ്പെട്ടു, തുടർന്ന് അത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ഫൊറൻസിക് പരിശോധനയില്‍ ഷർട്ടില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ കഴിയാത്തവിധം പറ്റിപ്പിടിച്ചിരുന്ന മനുഷ്യരക്തം കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ നില്‍ക്കക്കള്ളിയില്ലാതെ 19 -കാരൻ കുറ്റം സമ്മതിച്ചു.

അന്നേദിവസം മദ്യപിക്കുന്നതിനിടയില്‍ മദ്യത്തിനും ഭക്ഷണത്തിനും താൻ ന്യായമായി വിഹിതം നല്‍കിയില്ല എന്ന് പറഞ്ഞ് മനോജ് തന്നെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നും അതില്‍ ദേഷ്യം കയറിയ താൻ മദ്യലഹരിയില്‍ അയാളെ മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും ധരം ഒടുവില്‍ പോലീസിനോട് കുറ്റസമ്മതം നടത്തി.