ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത തുടരും ഒടിടിയിലും ബമ്പർ ഹിറ്റ് ; മറുഭാഷകരുടെ അടക്കം പ്രശംസ നേടി

Spread the love

തീയറ്ററിലെയും ഒടിടിയിലെയും സിനിമാ കാഴ്ചകളിലുള്ള വ്യത്യാസം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ആദ്യത്തേത് ഒരു സാമൂഹിക അനുഭവം കൂടി ആണെങ്കില്‍ രണ്ടാമത്തേത് വീട്ടകത്തെ ഒരു സ്വകാര്യ അനുഭവമാണ്.കൂട്ടമായിരുന്ന് കാണുമ്ബോള്‍ പ്രേക്ഷകര്‍ വലിയ കൈയടി നല്‍കുന്ന ചില ചിത്രങ്ങള്‍ ഒടിടിയില്‍ എത്തുമ്ബോള്‍ ഇത് ഇത്രയേ ഉള്ളോ എന്ന വിമര്‍ശനം ഏല്‍ക്കാറുണ്ട്. രണ്ടിടത്തും നല്ല അഭിപ്രായം കേള്‍ക്കുന്ന അപൂര്‍വ്വം സിനിമകളേ ഏത് ഭാഷയിലും വരാറുള്ളൂ. ഇപ്പോഴിതാ ആ പതിവ് തെറ്റിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. മലയാളത്തിലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പലത് തകര്‍ത്ത ചിത്രത്തിന്‍റെ ഒടിടി റിലീസ് ഇന്നലെ ആയിരുന്നു. ദിവസം ഒന്ന് പിന്നിടുമ്ബോള്‍ മറുഭാഷാ പ്രേക്ഷകരുടെയും മുക്തകണ്ഠമായ പ്രശംസ നേടുകയാണ് ചിത്രം. എക്സ് പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ തുടരും അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതില്‍ നല്ലൊരു ശതമാനവും മറുഭാഷാ പ്രേക്ഷകരില്‍ നിന്നാണ് എന്നതാണ് ഏറ്റവും വലിയ കൗതുകം.

 

മലയാളത്തിനൊപ്പം തുടരും സിനിമയുടെ തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തിയിരുന്നു. പിന്നീട് തമിഴ് പതിപ്പും എത്തി. പ്രേക്ഷകര്‍ എത്തിയെങ്കിലും നല്ല അഭിപ്രായങ്ങള്‍ നേടിയെങ്കിലും മലയാളം ഒറിജിനല്‍ പതിപ്പിന്‍റെ കളക്ഷനുമായി താരതമ്യപ്പെടുത്താവുന്ന കളക്ഷന്‍ മറുഭാഷാ പതിപ്പുകള്‍ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ആ കുറവ് ഒടിടിയില്‍ നികത്തിയിരിക്കുകയാണ് ചിത്രം. ഒരു നെഗറ്റീവ് കമന്‍റ് പോലും ഇല്ല എന്ന തരത്തിലാണ് ഒടിടി റിലീസിന് പിന്നാലെ ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. ചിത്രത്തിന്‍റെ റീമേക്ക് അവകാശം ആര്‍ക്കും നല്‍കരുതെന്ന് ആവശ്യപ്പെടുന്ന മറുഭാഷാ പ്രേക്ഷകരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. മോഹന്‍ലാലിന്‍റെ പ്രകടനത്തിനും വലിയ കൈയടിയാണ് വ്യത്യസ്ത ഭാഷക്കാരില്‍ നിന്നും ലഭിക്കുന്നത്. മോഹന്‍ലാല്‍ കഴിഞ്ഞാല്‍ കാണികള്‍ ഏറ്റവും ആഘോഷിക്കുന്നത് ജോര്‍ജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വര്‍മ്മയ്ക്കാണ്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സ്റ്റില്ലുകളും ലഘു വീഡിയോകളും അഭിനന്ദന പോസ്റ്റുകള്‍ക്കൊപ്പം പ്രചരിക്കുന്നുണ്ട്.