
കാസർകോട്: യു.ഡി.എഫില്‍ അനിശ്ചിതത്വം നിലനില്‍ക്കെ തൃക്കരിപ്പൂർ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ വെട്ടിലാക്കി.
ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി ഐകകണ്ഠ്യേന തീരുമാനമെടുത്തു.
തൃക്കരിപ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ഡോ. വി.പി.പി മുസ്തഫ ആണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.
2021ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം ഇത്തവണ ഏറ്റെടുത്ത് കോണ്‍ഗ്രസ് മത്സരിക്കണമെന്ന് കാസർകോട് ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും നേതാക്കള്‍ ആവശ്യം ഉന്നയിച്ചു വരികയാണ്.
കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ തൃക്കരിപ്പൂർ ഏറ്റെടുക്കുന്ന വിഷയം പ്രധാന ചർച്ചയും ആയിരുന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, സേവാദള്‍ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോൻ ജോസ് എന്നിവരടങ്ങിയ സ്ഥാനാർത്ഥി പട്ടികയും ഡി.സി.സി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ കഴിഞ്ഞതവണ തങ്ങള്‍ മത്സരിച്ച പത്ത് സീറ്റിലും ഇത്തവണയും മത്സരിക്കുമെന്ന് ജോസഫ് വിഭാഗം സംസ്ഥാന നേതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതില്‍ ഒരു സീറ്റും വെച്ചുമാറുന്ന പ്രശ്നം ഇല്ലെന്നും അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തൃക്കരിപ്പൂരില്‍ മത്സരിക്കുന്നതിന് മികച്ച സ്ഥാനാർത്ഥി ഇല്ലെന്നും കഴിഞ്ഞ തവണ മത്സരിച്ച കെ.എം മാണിയുടെ മരുമകൻ ഇത്തവണ മത്സരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.
തൃക്കരിപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ പല തെറ്റായ വാർത്തകളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി ചേർന്ന ജില്ലാ നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റിനെ തന്നെ കളത്തിലിറക്കാൻ തീരുമാനമെടുത്തത് എന്നാണ് ജോസഫ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയും സംസ്ഥാന യു.ഡി.എഫ് നേതൃത്വവുമാണ്. അനുമതി ലഭിക്കുകയാണെങ്കില്‍ ഉടൻ തന്നെ പ്രചരണ പ്രവർത്തനങ്ങള്‍ ആരംഭിക്കുവാനും യോഗത്തില്‍ തീരുമാനമായി.



