
പാലക്കാട് : തൃത്താലയിൽ വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പിടികൂടി പൊലീസ്. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താൻ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്.
ഞാങ്ങാട്ടിരിയില്‍ ഓഗസ്റ്റ് നാലിന് സുല്‍ത്താൻ റാഫിയുടെ സുഹൃത്തിനെ നാല് യുവാക്കള്‍ ചേർന്ന് കളിയാക്കിയതാണ് കേസിനാസ്പദമായ സംഭവത്തിന് കാരണമായത്. കളിയാക്കിയ നാല് യുവാക്കളെ സുല്‍ത്താൻ റാഫിയും മറ്റു മൂന്ന് സുഹൃത്തുക്കളും ചേർന്ന് സുല്‍ത്താൻ റാഫിയുടെ കാഞ്ഞിരത്താണിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇവരെ അതിക്രൂരമായി മർദിക്കുകയും റാഫി ഇവരെ കത്തികൊണ്ട് കുത്തുകയും ചെയ്തു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ റാഫിയുടെ ഒപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പേരെ പോലീസ് പിടികൂടി. ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.
കേസില്‍ ഒന്നാം പ്രതിയായ റാഫി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. റാഫിയുടെ മൊബൈല്‍ ടവർ ലൊക്കേഷൻ ലഭിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ പോലീസ് റാഫിയുടെ വീട്ടിലെത്തുകയും റാഫിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റാഫിയുടെ വീട്ടില്‍ ഒരു രഹസ്യ അറയുണ്ടെന്ന വിവരം നാട്ടുകാരാണ് നല്‍കിയത്. വീടിന്റെ അടുക്കളയുടെ മുകള്‍ ഭാഗത്തുള്ള മച്ചിലാണ് റാഫി ഒളിച്ചിരുന്നത്. റാഫിയുടെ പേരില്‍ അഞ്ച് കേസുകള്‍ നിലവിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group