തൃശൂര്‍ : സ്കൂട്ടറിൽ വീട്ടിൽ നിന്നിറങ്ങി കോളേജിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനി അമ്മയുടെ മുമ്പിൽ വച്ച് ചരക്കുലോറി ഇടിച്ച് മരിച്ചു. തൃശൂരിലെ വിയ്യൂർ ആണ് ദാരുണമായ സംഭവം നടന്നത്. 22 കാരി റെനിഷയാണ് അപകടത്തിൽ മരിച്ചത്. അമ്മ സുനിത മകൾ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു.
അപകടം നാട്ടുകാരെ അറിയിച്ച് ഉടൻ ആശുപത്രിയിൽ എത്തിച്ചതും സുനിതയാണ്. ആശുപത്രിയിലെത്തിച്ചെങ്കിലും റെനിഷയെ രക്ഷിക്കാനായില്ല. റെനിഷ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിരുന്നു.
അരണാട്ടുകരയിലെ ജോൺമത്തായി സെന്ററിൽ എംബിഎ വിദ്യാർത്ഥിനിയാണ് റെനിഷ. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. വീട്ടിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഉടനെ റെനിഷയുടെ സ്കൂട്ടറിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടന്നുവേണം തൃശൂരിലേക്ക് പോകാൻ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് മുറിച്ച് കടക്കുന്നതിന് മുന്നെയാണ് മുളങ്കുന്നത്തുകാവ് എഫ്സിഐ ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറി സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് വീണ റെനിഷയുടെ ശരീരത്തിലൂടെ ലോറി കയറി. സ്കൂട്ടർ പൂർണ്ണമായും തകർന്നിരുന്നു.
അതേസമയം ആലപ്പുഴയിൽ മിച്ചൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവെ സിഗ്നൽ തെറ്റിച്ചെത്തിയ സ്വകാര്യ ബസ് ഇടിച്ച് വയോദിക മരിച്ചു. ചെന്നിത്തല തൃപ്പരുംതുറ തെക്കേക്കുറ്റ് റെയ്ച്ചൽ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്.
തിരുവല്ല – കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. മിച്ചൽ ജംഗ്ഷന് കിഴക്ക് ഭാഗത്ത് സിഗ്നൽ കാത്ത് നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് സിഗ്നൽ ലഭിക്കുന്നതിന് മുൻപ് വടക്കോട്ട് തിരിക്കവെ ബസിനു മുൻപിലൂടെ നടക്കുകയായിരുന്ന റയിച്ചലിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ബസിന്റെ ചക്രങ്ങൾ റെയ്ച്ചലിന്റെ തലയിയൂടെയും കാലിലൂടെയും കയറി ഇറങ്ങി. മിച്ചൽ ജംഗ്ഷന് തെക്ക് ഭാഗത്തുള്ള പ്രർത്ഥനാ കേന്ദ്രത്തിൽ നിന്നും പ്രാർത്ഥനയ്ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു അവർ. ബസിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവർ പുലിയൂർ ആലപ്പളളിൽ പടിഞ്ഞാറേതിൽ അനൂപ് അനിയൻ (30) പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.