
തൃശ്ശൂർ: തൃശ്ശൂരിന്റെ അമരക്കാരിയായി ചുമതലയേൽക്കുമ്പോൾ, ഡയാലിസിസ് കിടക്കയിൽ നിന്ന് തനിക്ക് ഊർജ്ജം നൽകിയ അച്ഛന്റെ അഭാവം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് കളക്ടർ കുറിച്ചു. “ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകുന്നു.”
ഡയാലിസിസ് കിടക്കയിൽ കിടക്കുമ്പോഴും അച്ഛൻ നൽകിയ ആത്മവിശ്വാസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഊർജ്ജമെന്ന് കളക്ടർ ഓർക്കുന്നു.
അച്ഛൻ രോഗബാധിതനായപ്പോൾ കഴിഞ്ഞ 20 വർഷം തങ്ങൾക്കായി വിയർപ്പൊഴുക്കിയത് അമ്മയാണ്. കമ്പനിയിൽ മണിക്കൂറുകളോളം നിന്നുകൊണ്ട് ജോലി ചെയ്ത് ക്ഷീണിച്ചുവരുന്ന അമ്മയ്ക്ക് പഠനകാര്യങ്ങളിൽ സഹായിക്കാൻ അറിയില്ലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എങ്കിലും മകളുടെ സ്വപ്നങ്ങൾക്ക് അമ്മ കൂട്ടുനിന്നു. കുടുംബശ്രീയിൽ നിന്നും സഹകരണ ബാങ്കിൽ നിന്നും ലോണെടുത്താണ് തന്നെ സിവിൽ സർവീസ് കോച്ചിങ്ങിന് അയച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജോലിക്ക് പോകാൻ തുനിഞ്ഞപ്പോൾ അച്ഛനും അമ്മയും തന്നെ പിന്തിരിപ്പിച്ചു.
കളക്ടറായി ചാർജെടുക്കാൻ ഇറങ്ങുമ്പോൾ അമ്മയുടെ കാൽ തൊട്ട് വന്ദിച്ചപ്പോൾ അമ്മ വിതുമ്പിപ്പോയി. ആ കണ്ണീരിൽ അച്ഛന്റെ അഭാവമുണ്ടായിരുന്നു.
ഔദ്യോഗിക വാഹനത്തിൽ ഇരിക്കുമ്പോഴും സങ്കടം കൊണ്ട് അമ്മ ഒന്നും മിണ്ടിയില്ലെന്ന് കളക്ടർ കുറിച്ചു “സിവിൽ സർവീസ് കസേരയിലേക്ക് എന്നെ എത്തിച്ചത് വായിച്ച പുസ്തകങ്ങൾ മാത്രമല്ല, മകൾ അത് നേടിയെടുക്കുമെന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും അമ്മയുമാണ്” എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.



