
തൃശൂർ : ചേർപ്പ് പാറക്കോവിലിൽ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ (40) കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ ഭാര്യയും കാമുകനും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഒന്നാം പ്രതി പശ്ചിമ ബംഗാൾ ഹൂഗ്ലി സ്വദേശി ബീരു (33), രണ്ടാം പ്രതിയും മൻസൂർ മാലിക്കിന്റെ ഭാര്യയുമായ രേഷ്മ ബീവി എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി കമനീസ് കെ. കുറ്റക്കാരെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.
കൊലപാതക കുറ്റത്തിന് പ്രതികൾക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ വീതം പിഴയും, തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് കോടതി ചുമത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2021 ഡിസംബർ 13-ന് പുലർച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരുമിച്ച് ജീവിക്കുന്നതിനായി പ്രതികൾ മൻസൂർ മാലിക്കിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീട്ടുപറമ്പിൽ കുഴിച്ചുമൂടുകയുമായിരുന്നു.
തുടർന്ന് ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ബീവി ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.
കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി ബീരുവിനെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ റൂറൽ പൊലീസ് വെസ്റ്റ് ബംഗാളിൽ നിന്നാണ് ബീരുവിനെ പിടികൂടിയത്.
ചേർപ്പ് പൊലീസ് സ്റ്റേഷൻ എ എസ് ഐ ജോയ് തോമസ്, സി പി ഒ റിൻസൺ, അൻവർ എന്നിവരാണ് പ്രതിയെ വെസ്റ്റ് ബംഗാളിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ബീരുവിനെ പിന്നീട് ജാമ്യം നൽകാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്.
അന്നത്തെ ചേർപ്പ് എസ്.എച്ച്.ഒ ഷിബു ടി.വി ആണ് അന്വേഷണം പൂർത്തികരിച്ച് കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിലീപ് ടി ജി, ജി.എ.എസ്.ഐ സരസപ്പൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



