തൃശ്ശൂരില്‍ ആദിവാസി ബാലനെ മര്‍ദ്ദിച്ച സംഭവം; പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരന് സസ്പെന്‍ഷന്‍; സംഭവത്തിൽ റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദ്ദേശം

Spread the love

സ്വന്തം ലേഖിക

തൃശൂര്‍: വെറ്റിലപ്പാറയില്‍ ആദിവാസിബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു.

സുരക്ഷാ ജീവനക്കാരന്‍ മധുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച്‌ മന്ത്രി കെ രാധാകൃഷ്ണന്‍ പട്ടിക വര്‍ഗ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെറ്റിലപ്പാറ സര്‍ക്കാര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന പത്താംക്ലാസുകാരനെയാണ് സുരക്ഷാ ജീവനക്കാരന്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത എസ്സി, എസ്ടി കമ്മീഷന്‍ ജില്ലാ കളക്ടറോടും എസ്പിയോടും ട്രൈബല്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടി.

പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അടിച്ചില്‍ തൊട്ടി ഊരിലെ കുട്ടിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം. ഡസ്കില്‍ തട്ടി പാട്ടുപാടുന്നതിനിടെ പിന്നിലൂടെയെത്തിയ സുരക്ഷാ ജീവനക്കാരനായ മധു എന്നയാള്‍ മുളവടിവച്ച്‌ പുറത്തടിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. ആദ്യം ഹോസ്റ്റല്‍ വാര്‍ഡനോടും പിന്നീട് സ്കൂളിലെത്തി അധ്യാപികയോടും കുട്ടി പരാതി പറഞ്ഞു.

സ്കൂള്‍ അധ്യാപിക മാതാപിതാക്കളെ വിളിച്ച്‌ വിവരമറിയിച്ചു. വിദ്യാര്‍ത്ഥിയെ ആദ്യം വെറ്റിലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ചാലക്കുടി താലൂക്ക് ഓഫീസിലുമെത്തിച്ച്‌ ചികിത്സ നല്‍കി.