
തൃശ്ശൂർ: ദേശീയപാതയില്‍ ബൈക്കിന് പിറകിൽ ലോറിയിടിച്ച് പ്രതിശ്രുതവരന്റെ വലതുകൈ അറ്റു. പൂങ്കുന്നം പാക്കത്തില്‍ മോട്ടി ജേക്കബിനാണ് അപകടം സംഭവിച്ചത്. ഡൽഹി സ്വദേശിയായ പ്രതിശ്രുത വധു മംമ്ത ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി 10.45നായിരുന്നു അപകടം. സിഗ്നല്‍ കാത്ത് ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ഇവരുടെ ബൈക്കിന് പിറകിലാണ് അമിത വേഗത്തില്‍ വന്ന ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മോട്ടിയുടെ കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത ലോറി നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ അറിയിക്കുകയായിരുന്നു.
തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി. ഇടുപ്പെല്ലിന് പരിക്കേറ്റ മംതയ്ക്ക് ശസ്ത്രക്രിയ നടത്തും. ഗുജറാത്തില്‍ എഞ്ചിനീയറാണ് മോട്ടി. മംത പറ്റ്നയിലാണ് ജോലി ചെയ്യുന്നത്. ഫെബ്രുവരിയില്‍ ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ക്രിസ്മസ് അവധിക്ക് വിവാഹ രജിസ്ട്രേഷനുള്ള ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയതായിരുന്നു ഇവര്‍. ഇന്ന് മടങ്ങാനിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


