ക്ഷേത്രോല്‍സവങ്ങളോട് മാത്രം എന്തിനാണ് വിരോധം?;സകല ഷോപ്പിംഗ് മാളും സിനിമാ തിയേറ്ററും തുറക്കാമെങ്കില്‍ തൃശ്ശൂര്‍ പൂരവും നടത്താം; ജില്ലാ ഭരണകൂടത്തോട് ഇടഞ്ഞു തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍

ക്ഷേത്രോല്‍സവങ്ങളോട് മാത്രം എന്തിനാണ് വിരോധം?;സകല ഷോപ്പിംഗ് മാളും സിനിമാ തിയേറ്ററും തുറക്കാമെങ്കില്‍ തൃശ്ശൂര്‍ പൂരവും നടത്താം; ജില്ലാ ഭരണകൂടത്തോട് ഇടഞ്ഞു തിരുവമ്ബാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍

സ്വന്തം ലേഖകന്‍

തൃശ്ശൂര്‍: പൂരം നടത്തിപ്പിലും ചടങ്ങുകളിലും യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂര വിളംബരം അറിയിച്ചുളള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറയ്ക്കരുത്, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങളും നടത്തണം എന്നാണ് സംഘാടകരുടെ ആവശ്യം. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ഒന്നും നോക്കാതെ തുടര്‍നടപടി സ്വീകരിക്കാനാണ് തീരുമാനം. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.

പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പൂരം നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഇന്ന് വീണ്ടും യോഗം ചേരും. ഇതിനിടയില്‍ തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ പങ്ക് വച്ച് ഫേസ് ബുക്ക് പോസ്റ്റും വൈറലാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം;

തൃശ്ശൂര്‍ പൂരം ഇത്തവണയും മുടങ്ങരുത്. അധികൃതര്‍ മുടക്കരുത്. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കും മറ്റു പല പരിപാടികള്‍ക്കും ബാധകമല്ലാത്ത കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ പൂരം സര്‍വ്വ പ്രൗഢിയോടും കൂടി നടത്താനുള്ള തൃശ്ശൂര്‍ക്കാരുടെ അവകാശം നിഷേധിക്കരുത്. ഹരിദ്വാറില്‍ കുംഭമേള നടത്താമെങ്കില്‍ തൃശ്ശൂരില്‍ പൂരവും നടത്താം. സകല ഷോപ്പിംഗ് മാളുകളും തുറന്ന് പ്രവര്‍ത്തിക്കാമെങ്കില്‍, സിനിമാ തീയേറ്ററുകളടക്കം തുറക്കാമെങ്കില്‍ പൂരം എക്‌സിബിഷനും നടത്താം.

കാസര്‍കോടും മറ്റു ചില സ്ഥലങ്ങളിലും എക്‌സിബിഷനുകള്‍ നിര്‍ബാധം നടത്തുമ്‌ബോള്‍ തൃശ്ശൂര്‍ പൂരം എക്‌സിബിഷനോട് എന്തിനാണ് വിരോധം ? പൂരത്തിന്റെ പ്രധാന വരുമാന മാര്‍ഗം എക്‌സിബിഷന്‍ ആണെന്നിരിക്കെ അത് തകര്‍ക്കരുത്. നൂറു കണക്കിന് വാദ്യ കലാകാരന്‍മാരുടെ കുടുംബങ്ങള്‍, ആനപ്പുറം തൊഴിലാളികള്‍ , പൂരവുമായി ബന്ധപ്പെട്ട നിരവധി തൊഴിലാളികള്‍ .. അവരെ ഇനിയും പട്ടിണി കിടത്തരുത്.

ക്ഷേത്രോല്‍സവങ്ങളോട് മാത്രമായി എന്തിനാണ് വിരോധം ?

ഖേദത്തോടെ പറയട്ടെ, ഇക്കാര്യത്തില്‍ തൃശ്ശൂര്‍ ജില്ലാ ഭരണകൂടം വര്‍ഗീയമായ കാഴ്ചപ്പാടോടെ പൂരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതനുവദിക്കാന്‍ കഴിയില്ല .

പൂരം നടത്താന്‍ സഹായിക്കേണ്ട കളക്ടറും കൂട്ടരും തൃശ്ശൂര്‍ പൂരത്തെ തകര്‍ക്കാന്‍ കീഴ്‌ക്കോടതി മുതല്‍ സുപ്രീം കോടതി വരെ വ്യവഹാരപ്പെരുമഴ തീര്‍ക്കുന്ന എന്‍.ജി.ഒ ഗുണ്ടായിസത്തിന് ഒത്താശ ചെയ്യരുത്.
മുഴുവന്‍ മലയാളികളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ വര്‍ണ്ണചിത്രമാണ് തൃശ്ശൂര്‍ പൂരം .
തൃശ്ശൂര്‍ പൂരം മുഴുവന്‍ പ്രൗഢിയോടും കൂടി നടക്കണം , നമ്മള്‍ നടത്തും.
പൂരം എല്ലാ അന്തസ്സോടെയും പൂര്‍ണ്ണരൂപത്തില്‍ നടത്താനുള്ള പാറമേക്കാവ് , തിരുവമ്ബാടി ദേവസ്വം ഭാരവാഹികളുടെയും ഘടക പൂരം ഭാരവാഹികളുടെയും പൂരപ്രേമികളുടെയും പരിശ്രമത്തിന് പിന്തുണയേകാം.