play-sharp-fill
തൃശൂര്‍ പൂരം കലക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു ; റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അഞ്ച് മാസത്തിന് ശേഷം

തൃശൂര്‍ പൂരം കലക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു ; റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് അഞ്ച് മാസത്തിന് ശേഷം

സ്വന്തം ലേഖകൻ

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയിലെ പൊലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണറിപ്പോര്‍ട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചെങ്കിലും അതുണ്ടായില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെതിരെ സിപിഐ ഉള്‍പ്പടെ രംഗത്തെത്തിയിരുന്നു.


തൃശൂര്‍പൂരം അലങ്കോലപ്പെട്ടതിനു പിന്നില്‍ ഗൂഢനീക്കമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പൂരവുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലടക്കം ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പൂരം അലങ്കോലപ്പെട്ടത് രാഷ്ട്രീയ വിവാദമായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് ജനത്തെ ബുദ്ധിമുട്ടിച്ചതും വിവാദമായി. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ചു പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായി.

രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചു. പുലര്‍ച്ചെ മൂന്നിനു നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂര്‍ വൈകി പകല്‍ വെളിച്ചത്തില്‍ നടത്തേണ്ടി വന്നു. തൃശൂര്‍ ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപി ജയിച്ചതോടെ പൂരം അലങ്കോലപ്പെടുത്തിയത് ബിജെപിക്കുവേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നു. സിപിഐ അന്വേഷണം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് അങ്കിത് അശോകനെ മാറ്റിയിരുന്നു.