കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി ; സ്‌കാനിങ്ങില്‍ കണ്ടത് ആമാശയം പൊട്ടി കഴിച്ച ഭക്ഷണമെല്ലാം വയറില്‍ ചിതറിക്കിടക്കുന്നത് ; ഗുരുതരാവസ്ഥയിലായ 12 വയസ്സുകാരനെ സൗജന്യമായി ചികിത്സിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ; ജീവന്‍ രക്ഷിച്ചത് നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ
തൃശ്ശൂര്‍ : ആമാശയം പൊട്ടി ഗുരുതരാവസ്ഥയിലായ 12 വയസ്സുകാരനെ നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ച് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്.
ബാഡ്മിന്റണ്‍ താരമായ കുട്ടിയാണ് ആമാശയം പൊട്ടി ഗുരുതരാവസ്ഥയിലായത്. സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു. പൂര്‍ണമായും സൗജന്യമായാണ് ചികിത്സ നടത്തിയത്. പാലക്കാട് സ്വദേശികളായ ദമ്ബതിമാരുടെ കുട്ടിയെയാണ് മെഡിക്കല്‍ കോളേജ് ശിശു ശസ്ത്രക്രിയാവിഭാഗത്തിലെ ഡോക്ടര്‍മാര്‍ രക്ഷിച്ചത്.
കടുത്ത വയറുവേദനയുമായാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറു വേദന കലശലാണെന്ന് കണ്ട ഡോക്ടര്‍മാര്‍ സ്‌കാനിങിന് നിര്‍ദേശിച്ചു. സ്‌കാനിങ്ങില്‍ കുട്ടിയുടെ ആമാശയം പൊട്ടി കഴിച്ച ഭക്ഷണമെല്ലാം വയറില്‍ ചിതറിക്കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ അടിയന്തരശസ്ത്രക്രിയക്ക് വിധേയമാക്കി ജീവന്‍ രക്ഷിച്ചു. ആമാശയത്തിന്റെ ദ്വാരം അടക്കുകയും പിന്നീട് ഉണ്ടാകാതിരിക്കാന്‍ പ്രതിവിധികളും ചെയ്തു. നാലുമണിക്കൂറുകൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ ഡയഫ്രത്തിന്റെ ഒരു ഭാഗം കനം കുറഞ്ഞ് നെഞ്ചിനുള്ളിലേക്ക് തള്ളിനില്‍ക്കുന്ന സ്ഥിതിയിലായിരുന്നു. ഈ അപാകം ജന്മനാ ഉള്ളതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ജന്മനാ ഈ അപാകമുണ്ടായിരുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നും കുട്ടിക്കുണ്ടായിരുന്നില്ല. രണ്ടാഴ്ച മുന്‍പ് നടന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത കുട്ടി സമ്മാനം നേടിയിരുന്നു.
മത്സരം കഴിഞ്ഞതിന്റെ പിറ്റേന്നാണ് കുട്ടിക്ക് കലശലായ വയറുവേദന ഉണ്ടായത്. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ബാഡ്മിന്റണ്‍ കളിക്കിടെ വയറിനകത്തെ മര്‍ദം കൂടുകയും ആമാശയം ഡയഫ്രത്തിലെ കനംകുറഞ്ഞ ഭാഗത്തകൂടി നെഞ്ചിനകത്തേക്ക് തള്ളിക്കയറുകയുംചെയ്തു. തുടര്‍ന്ന് ആമാശയത്തില്‍ ഗ്യാസ് നിറഞ്ഞ് പൊട്ടുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ശിശുരോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. നിര്‍മല്‍ ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരായ ശശികുമാര്‍, ഫിലിപ്സ് ജോണ്‍, എന്‍. സുധീര്‍, കെ.ആര്‍. ഷാജി, അജിത് കുമാര്‍, അതുല്‍ കൃഷ്ണ, നഴ്സിങ് ഓഫീസര്‍മാരായ മിനി പി. ശ്രീധരന്‍, ശ്രീദേവി ശിവന്‍ എന്നിവര്‍ ചികിത്സയില്‍ പങ്കാളികളായി.