
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയോളജി വകുപ്പിനു കീഴിലുള്ള സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍, അള്‍ട്രാസൗണ്ട് സ്‌കാന്‍ തുടങ്ങിയവ പരിശോധിക്കുന്നതിനും പരിശോധനാഫലം ലഭിക്കുന്നതിനും വരുന്ന കാലതാമസം സംബന്ധിച്ച് അന്വേഷണം. നിരന്തരമായി പരാതി ഉയർന്നതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കോലഴി സ്വദേശിയും മെഡിക്കല്‍ കോളജ് മുന്‍ ജീവനക്കാരനും ട്രേഡ് യൂണിയന്‍ നേതാവുമായ കെ എന്‍ നാരായണന്‍ നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കതിരെ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവായത്.
2024 ഏപ്രില്‍ രണ്ടിന് ആരോഗ്യ മന്ത്രിക്ക് നല്‍കിയ അപേക്ഷയും നിജസ്ഥിതി വെളിവാക്കുന്ന പത്രവാര്‍ത്തകളും കെ എന്‍ നാരായണന്‍ പരാതിയില്‍ തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. കിടപ്പ് രോഗിക്ക് സി.ടി. സ്‌കാന്‍ ചെയ്യണമെങ്കില്‍ രണ്ടാഴ്ചയോളം കാത്തു നില്‍ക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒ.പി. രോഗികള്‍ക്ക് ആണെങ്കില്‍ മാസങ്ങള്‍ കാത്തു നില്‍ക്കണം. ഈ ത്യാഗം സഹിച്ച് സ്‌കാനിന് വിധേയരാകുന്ന രോഗികളുടെ പരിശോധന ഫലം ലഭിക്കുന്നതിന് വീണ്ടും ആഴ്ചകളോളം കാത്തു നില്‍ക്കണം. ഏറ്റവും സാധാരണക്കാരായ ഒ.പി. രോഗികള്‍ക്ക് നിത്യേന ചെയ്യേണ്ടുന്ന അള്‍ട്രാസൗണ്ട് സ്‌കാനിങ് പരിശോധന നടത്തുവാന്‍ രണ്ടു മാസത്തിനു പുറത്തുള്ള തീയതിയാണ് ലഭിക്കുന്നത്. ഐ.പി. രോഗികള്‍ക്കും അള്‍ട്രാ സൗണ്ട് സ്‌കാനിങ് പരിശോധന നടത്തുവാന്‍ ദിവസങ്ങളോളം കാത്തു നില്‍ക്കണം.
റേഡിയോളജി വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള മെഡിക്കല്‍ കോളജ് നെഞ്ചുരോഗാശുപത്രിയിലെ എം.ആര്‍.ഐ. സ്‌കാന്‍ സെന്ററിലും പരിശോധന തീയതികള്‍ ലഭിക്കാന്‍ സമയമെടുക്കുന്നു. ഇവിടെ പരിശോധനാഫലം ലഭിക്കാന്‍ രണ്ടാഴ്ച കാത്തിരിക്കേണ്ടിവരുന്നു. 300 രൂപ അനധികൃതമായി നല്‍കുകയാണെങ്കില്‍ (സര്‍ക്കാരിന്റെയോ എച്ച്.ഡി.എസിന്റെയോ തീരുമാനം ഇല്ലാതെ) റിസള്‍ട്ട് ഒരു പരിധി വരെ വേഗത്തില്‍ ലഭിക്കും. പണം കൊടുക്കാത്ത സ്‌കാനിങ്ങിന് വിധേയരായ രോഗികളാണെങ്കില്‍ പരിശോധനാഫലം ലഭിക്കുവാന്‍ ആഴ്ചകള്‍ കാത്തിരിക്കണം