
തൃശ്ശൂർ: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ വിദ്യാർഥിനിക്ക് ഗുരുതര പരുക്കേറ്റു. തൃശൂർ പഴയന്നൂർ കുമ്ബളക്കോട് വടക്കേക്കരയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെയാണ് സംഭവം.പൊറ്റ സ്വദേശി സുലൈമാൻ വാങ്ങിയ പോത്ത് വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു. പോത്തിന്റെ ആക്രമണത്തില്‍ വടക്കേക്കര സ്വദേശി കാളതൊടി വീട്ടില്‍ സായി കൃഷ്ണന്റെ മകള്‍ 4 വയസ്സ് ഉള്ള അനയൂയ സായിക്കും, അച്ചാച്ചൻ കൃഷ്ണനും പരുക്കേറ്റു.
സുലൈമാനെ തട്ടിയിട്ട് ഓടിയ പോത്ത് വീടിനുള്ളില്‍ കയറി ഹാളില്‍ ഇരിക്കുകയായിരുന്ന അനയൂയയേയും, കൃഷ്ണനെയും ഇടിച്ചിടുകയായിരുന്നു.വീടിനകത്ത് കയറിയ പോത്തിന്റെ പരാക്രമത്തില്‍ നാശനഷ്ടങ്ങളും സംഭവിച്ചു. ഇതോടെ ചേലക്കരയില്‍ നിന്നുള്ള ഷൂട്ടർ മനു സ്ഥലത്തെത്തി പോത്തിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
പരുക്കേറ്റവർ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പഴയന്നൂർ സബ് ഇൻസ്‌പെക്ടർ പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group