play-sharp-fill
ചേലാ കർമ്മത്തിനൊടുവിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ചേലാ കർമ്മത്തിനൊടുവിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തൃശൂർ: 29 ദിവസം പ്രായമായ കുഞ്ഞിന് ചേലാ കർമ്മം നടത്തിയതിനെ തുടർന്ന് ദാരുണാന്ത്യം. തളിക്കുളം ഐനിച്ചോട്ടിൽ പുഴങ്ങരയില്ലത്ത് യൂസഫ്-നസീല ദമ്പതികളുടെ കുഞ്ഞാണു മരിച്ചത്. രക്തസ്രാവത്തെ തുടർന്നാണ് കുട്ടി മരിക്കാൻ ഇടയായതെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ ശരീരത്തിൽനിന്നും 93 ശതമാനം രക്തവും വാർന്നുപോയിരുന്നു.
26നാണു കുഞ്ഞിനെ തളിക്കുളം പുത്തൻ തോടിനു സമീപമുള്ള സ്വകാര്യ ക്ലിനിക്കിൽ ഡോക്ടർ ചേലാകർമം നടത്തിയത്. തുടർന്നു കുഞ്ഞിനു പാലുകൊടുക്കാനും നിർദേശിച്ചു. മുക്കാൽമണിക്കൂറോളം കുട്ടിയെ ക്ലിനിക്കിൽ നിരീക്ഷിക്കുകയും ചേലാകർമം നടത്തിയ ഭാഗത്ത് രക്തം കണ്ടതിനെ തുടർന്ന് ഡോക്ടർ വീണ്ടും മുറിവുകെട്ടി ഇവരെ വീട്ടിലേക്കയച്ചു.
വീട്ടിൽപോയ ശേഷം ചേലാകർമം ചെയ്തഭാഗത്ത് വീണ്ടും രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ വൈകിട്ട് ഏഴരയോടെ ഡോക്ടറെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. കുട്ടിയുടെ കൈയും കാലും തട്ടിയിട്ടുണ്ടാകുമെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. വീണ്ടും രക്തം കണ്ടാൽ വിവരം പറയാൻ നിർദേശിക്കുകയും ചെയ്തു. രാത്രിയിൽ പലതവണ ഡോക്ടറെ വിളിച്ചെങ്കിലും ഡോക്ടർ ഫോൺ എടുത്തില്ലെന്നാണു പരാതി. പിറ്റേന്ന് 27ന് രാവിലെ ഏഴിന് ഡോക്ടറുടെ വീട്ടിലെത്തി ഒരുമണിക്കൂറോളം കാത്തുനിന്നു. എട്ടരയോടെ പരിശോധനാസമയം ആയതോടെ ഡോക്ടർ പരിശോധനക്കായി എത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ച് ചേലാകർമം നടത്തിയ ഭാഗത്തു വീണ്ടും മുറിവുകെട്ടി.
കുട്ടിയെ മറ്റൊരു സർജനെ കാണിക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ നിർദേശിച്ച സർജനെ കാണിക്കാൻ എത്തിയപ്പോൾ സർജൻ അവധിയിലായിരുന്നു. അവിടെനിന്നും തൃശൂരിലെ ആശുപത്രിയിലെത്തിയെങ്കിലും അവിടേയും കുട്ടികളുടെ ഡോക്ടറും സർജനും അവധിയിലായിരുന്നു. തുടർന്നു കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ എത്തുമ്പോഴേക്കും കുട്ടിയുടെ ശരീരത്തിൽനിന്നും 93 ശതമാനം രക്തവും വാർന്നുപോയിരുന്നു. മെഡിക്കൽ കോളജിലെ വിദഗ്ധ ചികിത്സക്കിടെ വൈകിട്ട് അഞ്ചരയോടെ കുട്ടി മരിച്ചു.