തൃപ്തി ദേശായി ശനിയാഴ്ച ശബരിമലയിലെത്തും, കൂടെ ആറ് യുവതികളും. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

തൃപ്തി ദേശായി ശനിയാഴ്ച ശബരിമലയിലെത്തും, കൂടെ ആറ് യുവതികളും. സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മണ്ഡലകാലം ആരംഭിക്കുന്ന ശനിയാഴ്ച വൃശ്ചികം ഒന്നിന് തനിക്കും മറ്റ് ആറ് യുവതികൾക്കും മല ചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ദർശനത്തിന് വേണ്ട സൗകര്യങ്ങളും, പ്രതിഷേധമുണ്ടായാൽ സുരക്ഷയും ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും തനിക്ക് ശബരിമല വരെ സുരക്ഷയൊരുക്കണം. ആവശ്യമായ താമസ സൗകര്യവും ഒരുക്കണം. ദർശനം നടത്താതെ താൻ മടങ്ങില്ല. മടങ്ങിപ്പോകുന്നതിന് വിമാനടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര സർക്കാരിനും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയ്ക്കും ഇവർ കത്തയച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മണ്ഡലകാലം ആരംഭിക്കുമ്പോൾ താൻ ശബരിമലയിൽ എത്തുമെന്ന് നേരത്തെ തന്നെ തൃപ്തി ദേശായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൃപ്തി ദേശായി അടക്കമുള്ള ആക്ടിവിസ്റ്റുകൾ ശബരിമലയിലെത്തിയാൽ തടയുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തൃപ്തിയെ തടയുമെന്ന് അയ്യപ്പ ധർമ സേനയും വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗവും അറിയിച്ചിട്ടുണ്ട്. അതേസമയം, ശബരിമലയിൽ വൻ സുരക്ഷാ സംവിധാനം ഒരുക്കാനാണ് പൊലീസിന്റെ തീരുമാനം. നാല് ഘട്ടങ്ങളിലായി ഏതാണ്ട് 4500 പൊലീസുകാരെ വീതം നിയമിക്കുമെന്നാണ് ഓദ്യോഗിക വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group