play-sharp-fill
തൃക്കൊടിത്താനം പള്ളിയിൽ വൈദികരെ കെട്ടിയിട്ട് മോഷണം: എട്ടാം ദിവസം രണ്ടു പ്രതികൾ പിടിയിൽ; പിടിയിലായവൻ വമ്പൻ മോഷ്ടാക്കൾ; ഒരാഴ്ചകൊണ്ട് ജില്ലയിൽ നിന്നു മോഷ്ടിക്കാൻ ലക്ഷ്യമിട്ടത് കോടികൾ; പിടിയിലായതോടെ പൊളിഞ്ഞത് വൻ മോഷണ പ്ലാൻ; പാറമ്പുഴയിലും മോഷണം നടത്തിയത് ഇതേ സംഘം

തൃക്കൊടിത്താനം പള്ളിയിൽ വൈദികരെ കെട്ടിയിട്ട് മോഷണം: എട്ടാം ദിവസം രണ്ടു പ്രതികൾ പിടിയിൽ; പിടിയിലായവൻ വമ്പൻ മോഷ്ടാക്കൾ; ഒരാഴ്ചകൊണ്ട് ജില്ലയിൽ നിന്നു മോഷ്ടിക്കാൻ ലക്ഷ്യമിട്ടത് കോടികൾ; പിടിയിലായതോടെ പൊളിഞ്ഞത് വൻ മോഷണ പ്ലാൻ; പാറമ്പുഴയിലും മോഷണം നടത്തിയത് ഇതേ സംഘം

സ്വന്തം ലേഖകൻ

കോട്ടയം: തൃക്കൊടിത്താനത്ത് പള്ളിയിൽ വൈദികരെ പൂട്ടിയിട്ട് ആറു ലക്ഷത്തോളം രൂപ മോഷ്ടിച്ച വമ്പൻ അന്തർ സംസ്ഥാന മോഷണ സംഘം പിടിയിലായതോടെ തെളിഞ്ഞത് സംസ്ഥാനത്തെമ്പാടും നടന്ന വൻ മോഷണങ്ങൾ. പാറമ്പുഴയിൽ വീട്ടമ്മയെ കബളിപ്പിച്ച് സ്വർണമാലയും, ബൈക്കും കവർന്ന് മുങ്ങിയ സംഭവത്തിനു പിന്നിലും ഇതേ സംഘം തന്നെയാണെന്നും അന്വേഷണത്തിൽ വ്യക്തമായ സൂചനയും ലഭിച്ചിട്ടുണ്ട്. കണ്ണൂർ തലശേരി പനമ്പറ്റ റാഷിദാ മൻസിലിൽ അലിയുടെ മകൻ റൗഫ് (28), ബംഗളൂരു കടപ്പക്കര ക്രോസ് റോഡ് ജനപ്രിയ അപ്പാർട്ടമെന്റിൽ മാത്യു മകൻ അലക്‌സ് കുര്യൻ (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മാർച്ച് എട്ടിനായിരുന്നു തൃക്കൊടിത്താനം കുന്നുംപുറം സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ കയറിയ മോഷണ സംഘം വൈദികരെ പൂട്ടിയിട്ട് ആറു ലക്ഷത്തോളം രൂപ കവർന്ന ശേഷം സംഘം മുങ്ങിയത്. രണ്ടു ബൈക്കുകളിലാണ് സംഘം പള്ളിയുടെ പ്രദേശത്ത് എത്തിയത്. പള്ളി പരിസരത്ത് സിസിടിവി ക്യാമറയുണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ പ്രതികൾ തന്ത്രപൂർവം മോഷണം നടത്തുകയായിരുന്നു. തുടർന്ന് ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് പ്രതികൾ പള്ളി പരിസരത്തു നിന്നും സംഘം മുങ്ങിയത്. പ്രതികളെപ്പറ്റി രണ്ടു ദിവസം കഴിഞ്ഞിട്ടും തുമ്പൊന്നും ലഭിക്കാതെ വന്നതോടെ ഡിവൈഎസ്പി എൻ.രാജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. 
40 കിലോമീറ്റർ ചുറ്റളവിൽ റോഡുകളിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ പൊലീസ് സംഘം ശേഖരിച്ചു. തുടർന്ന് ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പരും, ഈ സമയം ടവറുകളിൽ കണ്ട ഫോൺ നമ്പരുകളുടെ വിശദാംശങ്ങളും പൊലീസ് കൃത്യമായി പരിശോധിച്ചു. അവയിൽ സംശയം തോന്നിയ നമ്പരുകൾ ശേഖരിച്ച് വിശദമായി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് മറ്റൊരു മോഷണത്തിനായി തയ്യാറെടുപ്പ് നടത്തിയ സംഘത്തിനെപ്പറ്റി പൊലീസിനു സൂചന ലഭിച്ചത്. തുടർന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം സ്വദേശിയായ അലക്‌സ് ബംഗളൂരുവിലാണ് നിലവിൽ താമസിക്കുന്നത്. 
ചെറുപ്പം മുതൽ ഇരുവരും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായിരുന്നു. ബംഗളൂരുവിൽ എത്തിയതോടെയാണ് മോഷണം, കഞ്ചാവ് കച്ചവടത്തിലേയ്ക്ക് തിരിഞ്ഞത്. ബംഗളൂരുവിൽ മോഷണം നടത്തിയിരുന്ന പ്രതി, ഇതിൽ നിന്നു ലഭിക്കുന്ന തുക, ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങുന്നതിനാണ് ഉപയോഗിച്ചിരുന്നത്. കഞ്ചാവ് വിറ്റ് ലഭിക്കുന്ന തുക ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. 10 കിലോ കഞ്ചാവുമായി ഇയാളെ നേരത്തെ തന്നെ ബംഗളൂരു പൊലീസ് പിടികൂടിയിട്ടുണ്ട്. ഈ കേസിൽ പിടിയിലായി ജാമ്യത്തിലിറങ്ങിയ ശേഷം എൽഎസ്ഡി, എം.ഡി.എം.എ അടങ്ങുന്ന വീര്യം കൂടിയ ലഹരിമരുന്നുകൾ കച്ചവടം ചെയ്യുന്നതിലേയ്ക്ക് ഇയാൾ തിരിഞ്ഞിരുന്നു. വിദ്യാർത്ഥികൾ അടക്കമുള്ളവർക്കാണ് ഇയാൾ ഈ ലഹരി മരുന്നുകൾ വിറ്റിരുന്നത്. മയക്കുമരുന്ന്, 11 മോഷണക്കേസുകൾ എന്നിവട അടക്കമുള്ള കേസുകളിൽ കുടുങ്ങിയ അലക്‌സ് പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുമ്പോഴാണ് റൗഫിനെ പരിചയപ്പെടുന്നത്.് ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ഇരുവരും തമ്മിൽ അടുപ്പത്തിലാകുകയും, മോഷണങ്ങൾ നടത്തി പണം പങ്കിട്ട് എടുക്കുകയും ചെയ്യുകയായിരുന്നു. മീൻ കച്ചവടക്കാരനായ റൗഫ് ഈ പേരിൽ ബൈക്കിൽ കറങ്ങി നടന്നാണ് മോഷണ സ്ഥലങ്ങൾ കണ്ടെത്തിയിരുന്നത്. ഇത്തരത്തിൽ കണ്ടെത്തുന്ന സ്ഥലത്ത് രാത്രിയിൽ ബൈക്കിലെത്തി മോഷണം നടത്തി. മോഷണത്തിനു വേണ്ടി രാത്രിയിൽ ബംഗളൂരുവിൽ നിന്നും എത്തുന്ന അലക്‌സ് മോഷണം നടത്തി പിറ്റേന്ന് രാവിലെ തന്നെ തിരികെ മടങ്ങുകയും ചെയ്യും. 
കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പാറമ്പുഴയിൽ വർക്ക്‌ഷോപ്പ് ഉടമയായ അനൂപിന്റെ വീട്ടിലെ വയോധികയെ കബളിപ്പിച്ച് ഒൻപത് പവൻ സ്വർണവും, സിഡി ഡീലക്‌സ് ബൈക്കും, കോട്ടയം നഗരമധ്യത്തിൽ നിന്നും ആലപ്പുഴ ഏവൂർ സ്വദേശിയായ ഹരികുമാറിന്റെ യൂണിക്കോൺ ബൈക്ക് മോഷ്ടിച്ചതും ഇതേ സംഘം തന്നെയായിരുന്നു. വാകത്താനം വെട്ടിക്കലുങ്ക് സ്വദേശിയുടെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ, ക്യാമറ, വിദേശ കറൻസി എന്നിവ മോഷ്ടിച്ചതും, വാകത്താനം ആശുപത്രിപ്പടി സ്വദേശിയുടെ വീട്ടിൽ നടന്ന മോഷണ ശ്രമവും, ചിങ്ങവനം പന്നിമറ്റത്ത് വീടിന്റെ വാതിൽ തകർത്ത് രണ്ടാം നിലയിൽ നടത്തിയ മോഷണ ശ്രമത്തിനു പിന്നിലും ഇതേ സംഘം തന്നെയാണെന്നും വ്യക്തമായിട്ടുണ്ട്. കായംകുളം രണ്ടാം കുറ്റിയിൽ ദേവീക്ഷേത്രത്തിൽ ഓട് പൊളിച്ച് മോഷണം നടത്തിയതും, പത്തനംതിട്ട് കോയിപ്പുറത്ത് വീട്ടിൽ നിന്നും 1.5 പവൻ മാല മോഷ്ടിച്ചതും ഇതേ സംഘം തന്നെയാണെന്നും പൊലീസ് കണ്ടെത്തി. മോഷ്്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. 
തൃക്കൊടിത്താനത്ത് നിരവധി വീടുകളിൽ മോഷണം നടത്തുന്നതിനായാണ് പ്രതികൾ എത്തിയത്. എന്നാൽ, ഇവർ കയറിയ വീടുകളിലും പരിസരത്തും വെട്ടവും വെളിച്ചവും കണ്ടതോടെ പദ്ധതി മാറ്റുകയായിരുന്നു. തുടർന്നാണ് ഇവർ പള്ളിയിലേയ്ക്ക് കയറിയതും, പ്ള്ളിയുടെ ഓഫിസിൽ നിന്നും ആറു ലക്ഷം രൂപയുമായി കടന്നതും. ഇവിടെ നിന്നും മോഷ്ടിച്ചെടുത്ത തുക പ്രതികൾ തുല്യമായി വീതിച്ചു. തുടർന്ന് സ്വർണം വാങ്ങുന്നതിനായി ഈ തുക ഉപയോഗിച്ച് അഡ്വാൻസ് നൽകി. റൗഫ് അൽപം തുകയെടുത്ത് കടം വീട്ടുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. മോഷണം നടത്തിയ ശേഷം മുങ്ങിയ അലക്‌സിനെ മറ്റൊരു മോഷണം പദ്ധതിയിട്ട് തിരികെ വിളിച്ച് വരുത്തുകയായിരുന്നു റൗഫ്. ഇതിനിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്. 
ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ നേതൃത്വം നൽകിയ അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി എൻ.രാജൻ, തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പി.പി ജോയി, എസ്.ഐ പി.എം ഷെമീർ, സൈബർ സെൽ ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വി.എസ് മനോജ്കുമാർ, സതീഷ്, പി.എസ് രജനീഷ്, ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ സിബിച്ചൻ, അൻസാരി, ആന്റണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, അരുൺ, സിവിൽ പൊലീസ് ഓഫിസർമാരായ മോഹനൻ, ഷാജിമോൻ, രഞ്ജീവ് ദാസ്, ഷാജി ആന്റണി, മനോജ്, ശ്രീകുമാർ, സെബാസ്റ്റിയൻ, പി.എം ബിജു, മണിലാൽ, പി.ഷോർലാൽ, സുജിത് കലേഷ്, മനേഷ് ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.