തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ അറസ്റ്റ് വൈകും; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു; ഇപ്പോൾ കിട്ടിയ തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ
കൊച്ചി : തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ഇപ്പോൾ കിട്ടിയ തെളിവുകൾ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്.
കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജുവിന്റെ വിശദീകരണം.
കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടതായും പരാതിയുണ്ട്. ഇക്കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള സിഐ സുനുവിന്റെ പശ്ചാത്തലം ശരിയല്ല. പ്രതി രക്ഷപ്പെടാതിരിക്കാനാണ് ഉടൻ കസ്റ്റഡിയിൽ എടുത്തതെന്നും കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ പൊലീസിന്റെ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി.
വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികൾ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി.
സിഐ പി ആർ സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസിലും റിമാൻഡിലായ വ്യക്തിയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്.