
സ്വന്തം ലേഖിക
കൊച്ചി: പ്രതിപക്ഷ ബഹളത്തിനിടയില്‍ തൃക്കാക്കര നഗരസഭയില്‍ സെക്രട്ടറിയെ മാറ്റണമെന്ന പ്രമേയം പാസാക്കി യുഡിഎഫ്.
ചട്ടം ലംഘിച്ചുള്ള പ്രമേയത്തിന് പിന്തുണ നല്‍കിയെന്ന് ആരോപിച്ച് സെക്രട്ടറിയുടെ ചുമതലയുള്ള സൂപ്രണ്ടിനെ പ്രതിപക്ഷം ഉപരോധിച്ചു. സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്തയക്കുമെന്ന് നഗരസഭ അധ്യക്ഷ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ അദ്ധ്യക്ഷയും സെക്രട്ടറിയും തമ്മിലെ തര്‍ക്കം പൊലീസ് കേസ് വരെ എത്തിയ സാഹചര്യത്തില്‍ കൂടിയായിരുന്നു ഭരണപക്ഷ പ്രമേയം. സെക്രട്ടറിയെ മാറ്റണമെന്ന പ്രമേയം അവതരിപ്പിക്കാന്‍ ചേര്‍ന്ന അടിയന്തര കൗണ്‍സിലിന്റെ തുടക്കം തന്നെ വാക്കേറ്റമായിരുന്നു.
ആകെ ബഹളമയം. ഏത് മുനിസിപ്പല്‍ വകുപ്പ് പ്രകാരമാണ് പ്രമേയമെന്ന് വ്യക്തമാക്കുന്ന ഫയല്‍ നമ്പര്‍ നോട്ടീസില്‍ രേഖപ്പെടുത്താത്തത് പ്രതിപക്ഷം ആയുധമാക്കിയത്.
തര്‍ക്കം തുടരുന്നതിനിടെ ഭരണപക്ഷത്തിലെ 25 അംഗങ്ങളും എഴുന്നേറ്റ് നിന്ന് ഡെസ്കിലടിച്ച് പ്രമേയം പാസാക്കി. സൂപ്രണ്ടിനെ തടഞ്ഞ് വെച്ച് അല്പ സമയം കൂടി പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.
നഗരസഭ സെക്രട്ടറിക്കെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച അദ്ധ്യക്ഷ അജിത തങ്കപ്പന്‍ പ്രമേയത്തിലെ ആവശ്യം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തയക്കുമെന്ന് വ്യക്തമാക്കി.
നഗരസഭയിലെ ക്രമക്കേടുകള്‍ അനുവദിക്കാത്തതില്‍ നഗരസഭ അദ്ധ്യക്ഷ ഭീഷണിപ്പെടുത്തുന്നുവെന്ന് സെക്രട്ടറി ബി അനില്‍ പൊലീസിനും തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയതാണ് പുതിയ പോര്‍മുഖത്തിന് കാരണമായത്.