
സ്വന്തം ലേഖിക
കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധി അറിയാന്‍ ഇനി അല്പസമയം മാത്രം.
എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ എട്ടിനാരംഭിക്കുന്ന വോട്ടെണ്ണല്‍ രണ്ടരമണിക്കൂറിനകം പൂര്‍ത്തിയാകും. ഒരു മണിക്കൂറിനകം വിജയസാദ്ധ്യത അറിയാനാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുക്കും. 21 ടേബിളുകള്‍ വോട്ടെണ്ണലിന് സജ്ജീകരിച്ചിട്ടുണ്ട്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടില്‍ 21 ബൂത്തുകളെണ്ണും.
ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ 15 വരെ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും, അവസാന റൗണ്ടില്‍ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.
ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളുമാണ് അനുവദിച്ചത്. ഇന്ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാല്‍, സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും.
നാടിളക്കി പ്രചാരണം നടത്തിയിട്ടും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികള്‍ക്കും ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനിലാണ് മുന്നണികളുടെ പ്രതീക്ഷ തെറ്റിയത്. കോര്‍പ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തില്‍ താഴെയാണ് പോളിംഗ്. ഇതില്‍ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്.
എന്നാല്‍ സാധാരണ 40 പോലും എത്താത്ത ബൂത്തുകളില്‍ 50 ശതമാനം എത്തിയത് തന്നെ വലിയ കാര്യമാണെന്നും ഈ ബൂത്തുകളില്‍ ചെയ്ത വോട്ടുകള്‍ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. തങ്ങള്‍ക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടുമെന്ന് യു ഡി എഫ് പറയുമ്പോള്‍ വിജയം തങ്ങള്‍ക്കാണെന്നാണ് എല്‍ ഡി എഫ് പറയുന്നത്. അട്ടിമറി പ്രതീക്ഷയിലാണ് ബി ജെ പി.



