ഒന്നില്‍ തോറ്റാല്‍ എല്ലാം പോയെന്ന് കരുതുന്നില്ല; ബൂത്ത് തലം വരെ പരിശോധിക്കും; ഈ ജനവിധി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പ്: കോടിയേരി

Spread the love

സ്വന്തം ലേഖിക

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

ജനവിധി അംഗീകരിക്കുന്നു. ഒന്നില്‍ തോറ്റാല്‍ എല്ലാം പോയി എന്നല്ല. പ്രതീക്ഷിച്ച മുന്നേറ്റം എല്‍ഡിഎഫിന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 2244 വോട്ട് എല്‍ഡിഎഫിന് അധികം കിട്ടി. യുഡിഎഫിന്റെ ശക്തമായ കോട്ടയാണ് ഈ മണ്ഡലം. ഇടത് വിരുദ്ധ ശക്തികളെ യുഡിഎഫ് ഒന്നിച്ച്‌ നിറുത്തി. ബിജെപി വോട്ടും ട്വന്റി ട്വന്റി വോട്ടും യുഡിഎഫിന് കിട്ടി.

ജനവിധി അംഗീകരിച്ച്‌ കൊണ്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഇത് പരിശോധിച്ച്‌ ആവശ്യമായ തിരുത്തല്‍ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും.

മറ്റു ജില്ലകളിലുണ്ടായ മുന്നേറ്റം എറണാകുളത്ത് കഴിഞ്ഞ തവണയും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതെന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പായിട്ടാണ് ഈ ജനവിധിയെ കാണുന്നത്. ആവശ്യമായ തിരുത്തല്‍ വരുത്തും. ബൂത്ത് തലം വരെ പരിശോധന നടത്തും. എല്‍ഡിഎഫിന്റെ വോട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും അവിടെ നടത്തിയ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ദ്ധനവ് പോര.

തിരഞ്ഞെടുപ്പില്‍ പരാജയം സ്വാഭാവികമാണ്. ഒരു തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയെന്നും ഒരു തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എല്ലാം കിട്ടിയെന്നും ഞങ്ങള്‍ കരുതാറില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ തോറ്റവരാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റുകളിലേക്ക് ഉയര്‍ന്നത്.

കെ റെയിലിന്റെ പ്രശ്‌നം വച്ച്‌ നടത്തിയ തിരഞ്ഞെടുപ്പല്ല. സില്‍വര്‍ ലൈന്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ചര്‍ച്ചയായത്. അന്ന് 99 സീറ്റുകള്‍ കിട്ടിയതാണ്. അതും ഈ തിരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. അനുമതി കിട്ടിയാല്‍ പദ്ധതിയുമായി മുന്നോട്ട് പോകും.