സംസ്ഥാനത്ത് വാഹനങ്ങൾ തീ പിടിക്കുന്നത് പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടെന്നു വിദഗ്ദ്ധ സമിതി. മൂന്നുവർഷത്തിനിടെ 27 വാഹനങ്ങളാണ് തീപിടിച്ചത്.

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനങ്ങൾ തീ പിടിക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങൾ ഉണ്ടെന്ന് ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ റിപ്പോർട്ട്‌. വാഹനങ്ങളിൽ രൂപ മാറ്റം വരുത്തൽ, ഇന്ധനം ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കൊണ്ടുപോകൽ, പ്രാണികൾ ഇന്ധനക്കുഴൽ തുരക്കൽ എന്നിവയാണ് മൂന്ന് കാരണങ്ങൾ.

ഇതേക്കുറിച്ച് വിശദമായ അന്വേഷണങ്ങൾ നടത്തുന്നതിനായി അപകട സ്ഥലങ്ങൾ സന്ദർശിക്കുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ 26 27 28 തീയതികളിൽ പരിശോധന നടത്തുകയും ചെയ്യും. റോഡ് സുരക്ഷാ കമ്മീഷണറും സമിതിയുടെ അധ്യക്ഷനുമായ എസ് ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ ആലപ്പുഴയിൽ ചേർന്ന ആദ്യ യോഗത്തിലാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറഞ്ഞ വിലയുള്ള വാഹനങ്ങളിൽ കൂടുതൽ വിലയുള്ള വാഹന സൗകര്യങ്ങൾ ഒരുക്കുന്നതും തീപിടുത്തത്തിന് കാരണമാണ്. ഇതേക്കുറിച്ച് എല്ലാ ജില്ലകളിലും നോഡൽ ഓഫീസറെ നിയമിച്ച് ബോധവൽക്കരണം നടത്താനും തീരുമാനിച്ചു. അതുപോലെ വിലകുറച്ച് ഇന്ധനങ്ങൾ കിട്ടുന്ന സ്ഥലത്ത് നിന്ന് അവ കൂടുതൽ ശേഖരിച്ച് വാഹനങ്ങളിൽ കൊണ്ടുപോകുന്നതും നിർത്തണം. രൂപമാറ്റം നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ അനുകൂലമായ കോടതിവിധി നേടിയെടുക്കാൻ ശ്രമിക്കുമെന്നും സമിതി വ്യക്തമാക്കി.

പെട്രോളിലെ എതനോളിനെ ആകർഷിക്കുന്ന ഒരുതരം ചെറുപ്രാണിയാണ് തീപിടുത്തത്തിന് മറ്റൊരു കാരണമായി വിദഗ്‌ദ്ധർ പറയുന്നത്. ഇന്ധനം കുടിക്കുന്നതിനായി ഇവ കുഴൽതുരക്കുന്നു എന്നാണ് നിഗമനം. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയതിനുശേഷം ആയിരിക്കും റിപ്പോർട്ട് നൽകുക. രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. ഫോറൻസിക് വിഭാഗത്തിലെ ഡോ എസ് പി സുനിൽ, സാങ്കേതിക വിദഗ്ധൻ ഡോക്ടർ കെ ജെ രമേശ്, ഡോ മനോജ് കുമാർ, ഡോ കമൽ കൃഷ്ണൻ, ട്രാഫിക് ഐജി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ അടങ്ങിയതാണ് സമിതി.

മൂന്നുവർഷത്തിനിടെ 27 വാഹനങ്ങൾക്ക് തീപിടിച്ചതായാണ് സമിതിയുടെ ഏകദേശ കണക്ക്. അപകടത്തിൽപ്പെട്ടതിൽ അധികവും പെട്രോൾ വാഹനങ്ങൾ ആയിരുന്നു. നിയമലംഘനങ്ങൾ തുടർച്ചയായി നടത്തുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം ഉയർത്താനും, നിയമം പാലിക്കുന്നവരുടെ പ്രീമിയം കുറയ്ക്കാനും കമ്പനികളോട് ആവശ്യപ്പെടുമെന്ന് റോഡ് സുരക്ഷ കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു.