
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ഉള്ളൂര്‍ സ്വദേശി രവീന്ദ്രൻ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. 42 മണിക്കൂറിന് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിക്കാണ് രവീന്ദ്രനെ ലിഫ്റ്റില്‍ നിന്ന് പുറത്തെത്തിച്ചത്. നടുവേദനയെ തുടര്‍ന്ന് അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറെ കാണുവാനായാണ് രവീന്ദ്രന്‍ ഒ.പി വിഭാഗത്തിലെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, തകരാറിലായ ലിഫ്റ്റിൽ കയറിയ രവീന്ദ്രന്‍ കുടുങ്ങുകയായിരുന്നു. ഫോണ്‍ നിലത്തുവീണ് തകരാറിലായതിനാല്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം പുറത്തുള്ളവരെ വിളിച്ചറിയിക്കാന്‍ കഴിഞ്ഞില്ല. ആശുപത്രിയിലുള്ള മറ്റാരുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെട്ടതുമില്ല.
ഇതിനിടെ ലിഫ്റ്റ് ഓപറേറ്റര്‍ ലിഫ്റ്റ് ലോക്ക് ചെയ്ത് പോകുകയും ചെയ്തു. അടുത്ത ദിവസം ഞായാറാഴ്ചയായതിനാല്‍ ഒരാളും ലിഫ്റ്റിനടുത്ത് എത്തുകയോ തുറക്കുകയോ ചെയ്തില്ല. മെഡിക്കല്‍ കോളേജില്‍ വച്ച് രവീന്ദ്രനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം ആശുപത്രിയില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ തകരാര്‍ പരിഹരിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ ലിഫ്റ്റ് തുറന്നപ്പോഴാണ് രവീന്ദ്രനെ അവശനിലയില്‍ കണ്ടെത്തിയത്. മലമൂത്ര വിസർജ്ജനം നടത്തി. ഇതിനു നടവിലാണ് രവീന്ദ്രനെ കണ്ടെത്തിയത്. സംഭവത്തിനുശേഷം രവീന്ദ്രൻ മാനസികമായി തളർന്നുവെന്നും രണ്ടു ദിവസം വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥയിൽ ആയതിനാൽ ശരീരത്തിന്റെ ആരോഗ്യസ്ഥിതിയും മോശമാണെന്ന് മകൻ പ്രതികരിച്ചു.