ഹൈബ്രിഡ് കഞ്ചാവുമായി മൂന്നംഗ സംഘം പിടിയിൽ; കണ്ടെത്തിയത് 45 ലക്ഷം രൂപ വില വരുന്ന ലഹരി മരുന്ന്, അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളെന്ന് പൊലീസ്

Spread the love

കൊണ്ടോട്ടി: 45 ലക്ഷം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്നംഗ സംഘത്തെ കരിപ്പൂര്‍ പൊലീസ് പിടികൂടി.

വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരിവസ്തുക്കള്‍ കടത്തുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണിവരെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ പിണറായി സ്വദേശി മുല്ലപറമ്പത്ത് ചാലില്‍ വീട്ടില്‍ റമീസ് (27), കണ്ണപുരം അഞ്ചാംപീടിക സ്വദേശി കോമത്ത് വീട്ടില്‍ റിയാസ് (25), വയനാട് അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി പുത്തന്‍പുരക്കല്‍ ഡെന്നി (48) എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തില്‍നിന്ന് ‘തായ് ഗോള്‍ഡ്’ എന്നറിയപ്പെടുന്ന 4.8 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ വിമാനത്താവള പരിസരത്തെ ലോഡ്ജില്‍നിന്ന് വിദേശത്തേക്ക് കടത്താന്‍ ട്രോളി ബാഗില്‍ കഞ്ചാവ് ഒളിപ്പിക്കുന്നതിനിടെ റമീസിനെയും റിയാസിനെയും പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെന്നിയെ വയനാട്ടിലെ വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തയ്‌ലന്‍ഡിൽ നിന്ന് എത്തിക്കുന്ന വീര്യം കൂടിയ ലഹരി പദാര്‍ഥം കരിയര്‍മാര്‍ മുഖേന വിദേശങ്ങളിലേക്ക് കടത്തുന്നതാണ് സംഘത്തിന്റെ രീതി.

മലപ്പുറമടക്കം വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് വിദേശ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാസങ്ങളോളം നിരീക്ഷിച്ചാണ് പ്രതികളെ വലയിലാക്കിയത്.