
തിരുവനന്തപുരം: വീട് ആക്രമിച്ച് തീയിട്ട് നശിപ്പിക്കുകയും വീടിന് മുന്നിൽ ഇരുന്ന ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾ പിടിയിൽ. പേരൂർക്കട തരംഗിണി ഗാർഡൻസിൽ പ്രവീൺ (32), നെടുമങ്ങാട് വാണ്ടയിൽ കുന്നുംപുറത്ത് വീട്ടിൽ സുജിത്ത് (22), പേരൂർക്കട ഹാർവീപുരം കോളനിയിൽ ഡാൻസർ ബി. ഉണ്ണി എന്ന അമൽജിത്ത്(40) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.
മൂന്നാം ഓണത്തിന് രാത്രി 10.30 ഓടെയാണ് സംഘം വീടിന് തീയിട്ടത്. വട്ടപ്പാറ ചിറ്റാഴ പ്രസാദ് ഭവനിൽ സ്മിതയുടെ പേരിലുള്ള നെടുമങ്ങാട് നെട്ടയിലെ വീട്ടിലായിരുന്നു ആക്രമണം. പാലോട് ഇടിഞ്ഞാർ സ്വദേശിയായ ബിജു വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ഉഷസ്സ് എന്ന പേരുള്ള ഇരുനില വീട്. ഓട്ടോയിൽ എത്തിയായിരുന്നു പ്രതികളുടെ ആക്രമണം.
രാത്രിയിൽ ജനൽ ചില്ലുകളും വാതിലും അടിച്ച് തകർക്കുകയും വീടിന് മുന്നിൽ ഇരുന്ന ബൈക്ക് തീയിട്ടു. ഇതിനിടെ വീട്ടിലേക്കും തീ പടരുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് പ്രതികൾ ആദ്യം തീയിട്ടത്. ബൈക്കിൽ നിന്നും തീ പടർന്ന് വീട്ടിലേക്ക് വ്യാപിക്കുക ആയിരുന്നു. അയൽവാസികൾ തീ പടരുന്നത് കണ്ട് പൊലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ നെടുമങ്ങാട് സി ഐ എസ് സതീഷ് കുമാറും, പൊലീസ് സംഘവും സ്ഥലത്ത് എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടയിൽ പ്രതികളിൽ ഒരാളുടെ ശരീരം മുള്ളുകമ്പിയിൽ കുടുങ്ങി മുറിവേറ്റിരുന്നു. സംഭവ സ്ഥലത്തിന് സമീപം തറയിൽ രക്തം വാർന്ന് പടർന്നു കിടന്നിരുന്നു. പൊലീസും അഗ്നി രക്ഷ സേനയും ചേർന്ന് തീ അണച്ചു. എന്നാൽ പ്രതികളെ പറ്റി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച രക്തം പരിശോധന നടത്തിയും, സിസിടിവി ക്യാമറകൾ പരിശോധിച്ചുമാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് സിഐ അറിയിച്ചു.
കേസിലെ ഒന്നാം പ്രതി, പ്രവീണിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ, ഇയാളുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബിജുവിനെ നേരത്തെ നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലർ അറസ്റ്റ് ചെയ്തിരുന്നു. സഹോദരിയുടെ മരണത്തിലുള്ള വിരോധം കാരണമാണ് ബിജു താമസിച്ചിരുന്ന വീട്, മറ്റ് രണ്ട് പ്രതികളായ സുജിത്ത്, ഉണ്ണി എന്നിവരുമായി ചേർന്ന് ആക്രമിച്ച് തീയിടാൻ കാരണമെന്നു പൊലീസ് പറഞ്ഞു.