
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ സമരത്തിലേക്ക്. ഈമാസം 15-ന് 1.95 ലക്ഷം പേരാണു സമരത്തിനിറങ്ങുന്നത്. പദ്ധതിയുടെ പേരുമാറ്റത്തിലും പുതിയ വ്യവസ്ഥകളിലും പ്രതിഷേധിച്ചാണ് എൻആർഇജി. വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള സമരം.
മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) എന്നാണ് പദ്ധതിക്ക് കേന്ദ്രം പുതിയ പേരിട്ടിരിക്കുന്നത്. ഇതിനു പുറമേ കേന്ദ്രവിഹിതം 60 ശതമാനമായി കുറയ്ക്കുകയും സംസ്ഥാനവിഹിതം 40 ശതമാനമായി കൂട്ടുകയും ചെയ്തു. കാർഷിക സീസണിൽ തൊഴിലുറപ്പ് പദ്ധതി പാടില്ലെന്ന നിബന്ധനയും കൊണ്ടുവന്നു. ഇതെല്ലാം തൊഴിൽദിനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് ആശങ്ക.
അടുത്തസാമ്പത്തികവർഷം മുതലേ പുതുക്കിയ രീതിയിലുള്ള പദ്ധതി നടപ്പാകൂ. എങ്കിലും ഈ സാമ്പത്തിക വർഷത്തെ പദ്ധതി നടത്തിപ്പിനെയും അത് ബാധിക്കുമെന്നാണ് ആശങ്ക. നിലവിൽ 57.12 ലക്ഷംതൊഴിൽദിനങ്ങളാണ് ജില്ലയ്ക്ക്അനുവദിച്ചിട്ടുള്ളത്. ഇതിൽ 52.92 ലക്ഷം തൊഴിൽദിനങ്ങളും പൂർത്തിയായിക്കഴിഞ്ഞു. ശരാശരി 41 ദിവസത്തെ തൊഴിൽ മാത്രമാണ് ഇതുവരെ ഒരു കുടുംബത്തിനു നൽകാനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞതവണ 66.48 ലക്ഷംതൊഴിൽദിനങ്ങളാണ് ആദ്യം അനുവദിച്ചിരുന്നത്. എന്നാൽ, പഞ്ചായത്തുകൾ തൊഴിൽആവശ്യപ്പെട്ടവർക്കെല്ലാം നൽകി. ഇതോടെ തൊഴിൽദിനങ്ങൾ 1.04 കോടിയായി ഉയർത്താൻ കഴിഞ്ഞു. ഇതോടെ തൊഴിൽ ചെയ്തതിന്റെ കൂലി നൽകാൻ കേന്ദ്രം നിർബന്ധിതരായി. എന്നാൽ, ഇത്തവണ കൂടുതൽതൊഴിൽദിനങ്ങൾ പഞ്ചായത്ത് നൽകിയാലും പുതുക്കിയ വ്യവസ്ഥ കേന്ദ്രം ബാധകമാക്കി കൂലിതടയുമോയെന്നാണ് ആശങ്ക.
100 കിട്ടുന്നില്ല, പിന്നെങ്ങനെ 125?
പദ്ധതിയുടെ പേരുമാറ്റത്തിനൊപ്പം തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് 125 ആയി വർധിപ്പിക്കുമെന്നാണു കേന്ദ്രം പറഞ്ഞിരുന്നത്. എന്നാൽ, ഈ സാമ്പത്തികവർഷം ഇതുവരെ ജില്ലയിൽ 2,515 കുടുംബങ്ങൾക്ക് മാത്രമാണ് 100 തൊഴിൽദിനം ലഭിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷം അരലക്ഷത്തിലേറെ കുടുംബങ്ങൾക്ക് 100 തൊഴിൽദിനം നൽകിയ സ്ഥാനത്താണിത്. തൊഴിൽ ദിനങ്ങൾ കുറയ്ക്കാനുള്ള നിബന്ധനകൾ കൊണ്ടുവന്നശേഷം അത് 125 ആയി വർധിപ്പിക്കുമെന്നതിന്റെ ഇരട്ടത്താപ്പും തൊഴിലുറപ്പ് തൊഴിലാളി സംഘടന ചോദ്യം ചെയ്യുന്നുണ്ട്.
തൊഴിലാളികളെ സമരത്തിലേക്കു നയിച്ച കാരണങ്ങൾ
• ആവശ്യപ്പെടുന്ന മുറയ്ക്ക് തൊഴിൽ ലഭ്യമാക്കുന്ന അവകാശാധിഷ്ഠിത പദ്ധതിയെ തൊഴിലുറപ്പില്ലാത്ത പദ്ധതിയാക്കി പരിമിതപ്പെടുത്തി.
• ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് ഇല്ലെന്ന പേരിൽ ഒട്ടേറെ കുടുംബങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കി.
• പദ്ധതിക്കു വകയിരുത്തുന്ന തുക ഓരോ വർഷവും കുറച്ചു.
• തൊഴിൽ ബജറ്റ് കുറച്ചതുമൂലം ശരാശരി തൊഴിൽദിനങ്ങൾ 50-ൽത്താഴെയായി.
• പദ്ധതിയുടെ ബാധ്യത സംസ്ഥാനത്തിന്റെ ചുമലിലാക്കി.
• മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അധികാരമില്ലാതാക്കി.
• കാർഷിക സീസണിൽ തൊഴിലുറപ്പു പദ്ധതി പാടില്ലെന്ന വ്യവസ്ഥകൊണ്ടുവന്നു.



