ആയിരം കിലോമീറ്റർ കടന്ന് ആൺ വേഷത്തിൽ കാമുകി എത്തി: ഹൈദരബാദിൽ ജോലി ചെയ്തിരുന്ന മലയാളി കുടുങ്ങി
സ്വന്തം ലേഖകൻ
മലപ്പുറം: ആയിരം കിലോമീറ്റർ കടന്ന് ആൺവേഷത്തിൽ കാമുകി വീടിനു മുന്നിലെത്തിയതോടെ കാമുകൻ ഞെട്ടി. മലയാളിയായ കാമുകനെ തേടി ഹൈദരാബാദ് സ്വദേശിനിയാണ് ആയിരം കിലോമീറ്റർ അകലെ നിന്നും ആൺവേഷത്തിൽ മലപ്പുറം വേങ്ങരയിലെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് വേങ്ങര കുറ്റൂർ പാക്കടപ്പുറയിൽ യുവതി എത്തിയത്. എന്നാൽ കാമുകന്റെ ബന്ധുക്കൾ യുവതിയെ വീട്ടിൽനിന്ന് ആട്ടിയിറക്കി ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. ഇരുകൂട്ടരും തമ്മിലുള്ള വാഗ്വാദം കേട്ട് നാട്ടുകാരും ഓടിക്കൂടി. ഗേറ്റിന് പുറത്തായ യുവതി തൊട്ടടുത്തുള്ള വീട്ടിൽ അഭയം തേടി. തന്നെ യുവാവ് വിവാഹം കഴിച്ചെന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്. നേരത്തെ യുവാവിൻറെ വീട്ടിൽവന്ന് താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞു.
ഹൈദരാബാദിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവുമായി യുവതി പ്രണയത്തിലാകുകയായിരുന്നു. എന്നാൽ ഇടയ്ക്ക് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ യുവാവ് മടങ്ങിയെത്താത്തതിനാൽ യുവതി അന്വേഷിച്ച് മലപ്പുറത്തേക്ക് വരുകയായിരുന്നു.
അയൽവീട്ടിലെ വരാന്തയിൽ യുവതി ഇരിപ്പുറപ്പിച്ചതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. വേങ്ങര പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തെലുങ്കും ഇംഗ്ലീഷും മാത്രം സംസാരിക്കുന്ന യുവതിയെ പിന്നീട് മനാട്ടിയിലെ വനിതാ സംരക്ഷണം കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
Third Eye News Live
0