‘തൊട്ടാൽ പൊളിയുന്ന പാലാരിവട്ടം പുട്ട്’ ;സോഷ്യൽ മീഡിയയിൽ തരംഗമായി പാലാരിവട്ടം പുട്ട്
സ്വന്തം ലേഖിക
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പൂർത്തിയാവുന്നതിനുള്ളിൽ തന്നെ ബലക്ഷയം കാരണം പൊളിച്ചുമാറ്റാൻ വിധിക്കപ്പെട്ട നിർമ്മാണമാണ് പാലാരിവട്ടം മേൽപ്പാലം. സംസ്ഥാന ചരിത്രത്തിൽ തന്നെ ഇത്തരമൊരു വിധി മറ്റൊരു നിർമ്മാണത്തിനും ഉണ്ടായിട്ടുണ്ടാവില്ല. പലാരിവട്ടം പാലം കേരളത്തിൻറെ പഞ്ചവടിപ്പാലമാകുമോയന്ന് ഹൈക്കോടതി പോലും ചോദിക്കുകയുണ്ടായി. ആവശ്യമായ തോതിൽ സിമൻറും കമ്പിയും ചേർക്കാതെ നിർമ്മിച്ച പാലം ഇതിനോടകം തന്നെ നിരവധി ട്രോളുകൾക്കും കഥാപാത്രമാവുകയം ചെയ്തു.
ഇപ്പോഴിതാ പാലാരിവട്ടം പാലത്തിൻറെ പേരിൽ കേരളീയരുടെ പ്രിയപ്പെട്ട ഭക്ഷണമായ പുട്ടും വിപണിയിലിറക്കിയിരിക്കുകയാണ് ഒരു ഹോട്ടൽ. തലശ്ശേരിയിലെ ലാ ഫെയർ റെസ്റ്റോറൻറാണ് പാലാരിവട്ടം പുട്ടിൻറെ നിർമ്മാതാക്കൾ. തൊട്ടാൽ പൊളിയുന്ന പുട്ട് എന്ന ടാഗ് ലൈനോടെ പുറത്തിറക്കിയ പുട്ടിൻറെ പരസ്യം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൻ ഹിറ്റായിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാരിവട്ടം പാലം പോലെ തൊട്ടാൽ പൊളിയുന്ന പുട്ടിൻറെ പരസ്യം പ്രമുഖർ ഉൾപ്പടേയുള്ള നിരവധിയാളുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. പലാരിവട്ടം പാലത്തിൻറെ പോലെ തന്നെ അത്രയം മൃദുലമാണ് തങ്ങളുടെ പുട്ടെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. തൊട്ടാൽ പൊളിയുന്ന പുട്ടിൽ പാലാരിവട്ടം പാലത്തിലെന്ന പോലെ ആവശ്യത്തിന് നിർമ്മാണ വസ്തുകൾ ചേർക്കാതെയുള്ള അഴിമതി വല്ലതും നടക്കുമോയെന്നതടക്കമുള്ള കമൻറുകളും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നുണ്ട്.