കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങി; രണ്ട് വയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന

Spread the love

കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന. നാദാപുരം തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅ്‌ലാന്റെ തലയിലാണ് ഇന്നലെ വൈകീട്ടോടെ പാത്രം കുടുങ്ങിയത്. വീട്ടില്‍ അടുക്കളയില്‍ വച്ചാണ് കുഞ്ഞിന് അപകടമുണ്ടായത്. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ തലയില്‍ വയ്ക്കുകയും, തല പാത്രത്തിനുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ വീട്ടുകാര്‍ കഴിയാവുന്ന വിധത്തിലെല്ലാം പരിശ്രമിച്ചെങ്കിലും പുറത്തെടുക്കാനായില്ല.

ഒടുവില്‍ അഗ്നിരക്ഷാ നിലയത്തില്‍ കുഞ്ഞിനെയുമെടുത്ത് ചെല്ലുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇലക്ട്രിക് കട്ടര്‍, മറ്റല്‍ കട്ടര്‍ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പരിക്കൊന്നുമേല്‍ക്കാതെ ആമിനിനെ രക്ഷിച്ചത്. പാത്രത്തിന്റെ കട്ടി കൂടിയതും ഭയന്നുപോയ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതും രക്ഷാപ്രവര്‍ത്തനം ദീര്‍ഘിപ്പിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് സാനിജ്, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ശിഖിലേഷ്, അജേഷ്, അശ്വിന്‍, ശ്യാംജിത്ത് കുമാര്‍, ജിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.