
സ്വന്തം ലേഖകൻ
കോട്ടയം: പൂരാവേശത്തിൽ അലിഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഓരോ മേഖലയിലും നൂറുകണക്കിന് പ്രവർത്തകർ ആവേശത്തോടെ പ്രചാരണ രംഗത്ത് സജീവമായതോടെ യുഡിഎഫിന്റെ വിജയം ഉറപ്പാക്കിയുള്ള പ്രചാരണമാണ് മണ്ഡലത്തിൽ ഉടനീളം നടക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുമെന്ന വാർത്ത പുറത്ത് വന്നത് മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവേകിയിട്ടുണ്ട്.
ഇന്നലെ രാവിലെ മുതൽ തന്നെ പ്രചാരണ രംഗത്ത് സ്ഥാനാർത്ഥി തോമസ് ചാഴിക്കാൻ സജീവമായിരുന്നു. രാവിലെ മുതൽ ഭവനസന്ദർശനങ്ങളിലായിരുന്നു സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്. കോളനികളും, വീടുകളും കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രചാരണം. തുടർന്ന് രാവിലെ പത്തു മണിയോടെ ആർപ്പൂക്കര വാര്യമുട്ടത്തെ ബാബു ചാഴിക്കാടന്റെ സ്മൃതി മണ്ഡപത്തിൽ സ്ഥാനാർത്ഥി എത്തി. ഇവിടെ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ പുഷ്പാർച്ചന നടത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മറ്റ് പാർട്ടി നേതാക്കൾക്കുമൊപ്പം തോമസ് ചാഴിക്കാടൻ എംഎൽഎയും ആദ്യാവസാനം കൺവൻഷനിൽ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തിയ സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ പാർട്ടി പ്രവർത്തകരും മുതിർന്ന നേതാക്കളുമായി ഒപ്പം ചേർന്ന് ചർച്ചകളിൽ പങ്കെടുത്തു. തുടർന്ന് വിവിധ നേതാക്കളിൽ നിന്നും പ്രവർത്തകരിൽ നിന്നും പ്രചാരണ രംഗത്തെ മുന്നേറ്റവും, പോരായ്മകളും ചർച്ച ചെയ്തു. ഓരോ പ്രദേശങ്ങളിലും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പകൽപ്പൂരത്തിന്റെ മൈതാനത്ത് സ്ഥാനാർത്ഥി എത്തി. പൂരപ്രേമികൾക്കിടയിൽ ആവേശം നിറച്ചാണ് സ്ഥാനാർത്ഥിയുടെ പ്രചാരണം നടന്നത്. തുടർന്ന് ഇവിടെ ഓരോരുത്തരെയും കാണാനും സംസാരിക്കാനും സമയം കണ്ടെത്തി. മണിക്കൂറുകളോളം പൂരപ്പറമ്പിൽ സ്ഥാനാർത്ഥി ചിലവഴിച്ചു. തുടർന്ന് പാലാ, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലെ കൺവൻഷനുകളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. പാലായില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എയും കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തു.
തുടർന്ന് കോട്ടയം നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കി ജോസ് കെ.മാണി എംപിയും എല്ലാ പ്രചാരണ രംഗത്തും ഒപ്പമുണ്ടായിരുന്നു.
ഇന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 11 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ യുഡിഎഫിന്റെ യുവജന കൺവൻഷൻ നടക്കും. കൺവൻഷൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണം തുടരും. തുടർന്ന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന യുഡിഎഫ് മണ്ഡലം കൺവൻഷനിൽ സ്ഥാനാർത്ഥി പങ്കെടുക്കും. കൺവൻഷൻ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും.
കോട്ടയം: ബാബുചാഴിക്കാടന്റെ സ്മൃതിമണ്ഡപത്തിനു മുന്നിൽ ഒരു നിമിഷം വികാര നിർഭരനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാബുചാഴിക്കാടന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്താനെത്തിയപ്പോഴാണ് വർഷങ്ങൾക്കു മുൻപുള്ള ഓർമ്മകളിലേയ്ക്ക് ചെന്നിത്തലയുടെ ഓർമ്മകൾ പിന്നോട്ടു പോയത്.
ഇന്നലെ രാവിലെ 10.30 ന് ആർപ്പൂക്കര ബാബു ചാഴിക്കാടൻ റോഡിൽ വാര്യമുട്ടത്തെ ബാബു ചാഴിക്കാടന്റെ സ്മൃതി മണ്ഡപത്തിലായിരുന്നു അനുസ്മരണ സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ പ്രത്യേകം പന്തൽ തയ്യാറാക്കിയിരുന്നു. രാവിലെ തന്നെ നൂറുകണക്കിന് പ്രവർത്തകർ ഇവിടേയ്ക്ക് ഒഴുകിയെത്തി. ബാബു ചാഴിക്കാടന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വേദിയിലേയ്ക്കാണ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ, ജോസ് കെ.മാണി എം.പിയ്‌ക്കൊപ്പം എത്തിയത്. ബാബുവിനും, തോമസ് ചാഴിക്കാടനും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ നിറഞ്ഞപ്പോൾ തന്നെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് ബാബു ചാഴിക്കാടൻ അനുസ്മരണ പ്രസംഗം നടത്തുന്നതിനിടെ പല തവണ രമേശ് ചെന്നിത്തല വിതുമ്പി. നിരവധി തവണ കണ്ഠമിടറിയ ചെന്നിത്തലയുടെ കണ്ണുകൾ ഇടയ്ക്ക് നിറഞ്ഞു. തോമസ് ചാഴിക്കാടൻ പ്രസംഗിക്കുന്നതിനിടയിലും രമേശ് ചെന്നിത്തല വികാരം അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ബാബു ചാഴിക്കാടനും, കുടുംബവുമായും തനിക്കുള്ള ആത്മബന്ധം തുറന്നു പറഞ്ഞാണ് രമേശ് ചെന്നിത്തല പ്രസംഗം ആരംഭിച്ചത് തന്നെ. ഈ പ്രസംഗത്തിനിടയിലും അദ്ദേഹം പല തവണ വിതുമ്പുന്നുണ്ടായിരുന്നു. യോഗം കഴിഞ്ഞ് മടങ്ങും മുൻപ് ബാബുവിന്റെ സ്മൃതി മണ്ഡപത്തിൽ കൈ കൂപ്പി ആദരവ് അർപ്പിച്ച ശേഷമാണ് രമേശ് ചെന്നിത്തല മടങ്ങിയത്.