തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ശുശ്രൂഷാ ചുമതലകളിൽ നിന്ന് നീക്കം ചെയ്തു
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: മുൻ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽ നിന്ന് നീക്കി. കൂദാശയും കൂദാശാനുകരണങ്ങളും നടത്തരുതെന്നും അതിരൂപതയുടെ അറിയിപ്പിൽ പറയുന്നു. അതിരൂപതാ മുഖപത്രമായ വേദപ്രചാര മധ്യസ്ഥന്റെ ആഗസ്റ്റ് ലക്കത്തിലാണ് പ്രസ്തുത ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം വിശുദ്ധ കുർബ്ബാന അർപ്പണം മറ്റു കൂദാശകളുടേയും കൂദാശാനുകരണങ്ങളുടേയും പരികർമ്മം ഇവയിൽ നിന്നും ഫാ. തോമസ് പീലിയാനിക്കലിനെ സഭ വിലക്കിയിട്ടുണ്ട്. ചങ്ങനാശേരി ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നേരത്തെ തോമസ് പീലിയാനിക്കലിനെ പുറത്താക്കിയിരുന്നു. കാവാലം സ്വദേശി കൊണ്ടകശ്ശേരി ഷാജി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടനാട് വികസന സമിതി അധ്യക്ഷനായിരുന്ന തോമസ് പീലിയാനിക്കൽ, റോജോ ജോസഫ്, ത്യോസ്യാമ്മ എന്നിവർ ചേർന്ന് കർഷകരുടെ പേരിൽ അവരറിയാതെ കോടിക്കണക്കിന് രൂപയുടെ സാമ്ബത്തീക തിരിമറി നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും തോമസ് പീലിയാനിക്കലിനെ നീക്കിയത്. പീലിയാനിക്കലിനെതിരെയുള്ള സഭാ നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ നടപടി.