സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിമാനക്കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ കേന്ദ്ര ഏവിയേഷന്‍ മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് തോമസ് ചാഴികാടന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ വിവിധ എയര്‍ പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണന്ന് ശൂന്യവേളയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
25,000 രൂപക്ക് മുകളിലാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക്. മാസങ്ങള്‍ക്ക് മുന്‍പ് എടുത്ത ടിക്കറ്റുകള്‍ക്കും പോലും സാധാരണ നിരക്കിന്റെ മൂന്നും നാലും ഇരട്ടിയാണ് കമ്പനികള്‍ ഈടാക്കിയത്. ക്രിസ്മസ് സീസണ്‍ അടുത്തതോടെ നാട്ടിലേക്ക് പോകാന്‍ യാത്രക്കാരുടെ വന്‍ തിരക്കാണ്. എന്നാല്‍ ടിക്കറ്റ് ലഭ്യവുമല്ല.
ട്രെയിന്‍ ടിക്കറ്റ് പോലും കിട്ടാത്ത സാഹചര്യം ഉണ്ട്. ഇതു മൂലം അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും വിമാനയാത്രയെ ആശ്രയിക്കുകയാണ്.
ഈ സാഹചര്യം ചൂഷണം ചെയ്ത് വിമാന കമ്പനികള്‍ അതിഭീമമായ നിരക്ക് ഈടാക്കുന്നത്. ദുബായ് പോലുള്ള വിദേശ ര്യജ്യങ്ങളില്‍ പോകാന്‍ പോലും വേണ്ടതിനേക്കാള്‍ കൂടിയ നിരക്കാണ് ആഭ്യന്തര യാത്രക്ക് ഈടാക്കുന്നത്. വിമാനത്താവളത്തിന് ഉളളിലെ തിരക്ക് മനസിലാക്കാന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരിട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയതായിട്ടാണ് അറിഞ്ഞത്.
ഈ സാഹചര്യത്തില്‍ വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര മന്ത്രി നേരിട്ട് ഇടപെടണമെന്ന് എംപി ആവശ്യപ്പെട്ടു. യാത്രക്കാരുടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കാന്‍ കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുകയും ന്യായമായ നിരക്ക് ഈടാക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യണമെന്ന് എംപി ആവശ്യപ്പെട്ടു.