കോട്ടയം ലോക്സഭാ സീറ്റില്‍ ഘടകകക്ഷിപ്പോരിന് സാധ്യത ; തോമസ് ചാഴികാടന്‍-ഫ്രാന്‍സിസ് ജോര്‍ജ്-തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിന് സാധ്യത; എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനും യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസിനും എന്‍.ഡി.എ.യില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് കോട്ടയം സീറ്റ് കിട്ടുമെന്ന് സൂചന
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ലോക്സഭാ സീറ്റില്‍ ഘടകകക്ഷിപ്പോരിന് സാധ്യത തെളിയുന്നു. എല്‍.ഡി.എഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനും യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസിനുമാണ് സീറ്റ്. എന്‍.ഡി.എ.യില്‍ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് കോട്ടയം സീറ്റ് കിട്ടുമെന്നാണ് സൂചന.
സീറ്റ് ധാരണയായാല്‍ ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കാനാണ് സാധ്യത. അങ്ങനെവന്നാല്‍ കോട്ടയത്ത് തോമസ് ചാഴികാടന്‍-ഫ്രാന്‍സിസ് ജോര്‍ജ്-തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിന് സാധ്യത തെളിയും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചുസീറ്റാണ് ബി.ജെ.പി.യുമായുള്ള ചര്‍ച്ചയില്‍ ബി.ഡി.ജെ.എസ്. ആവശ്യപ്പെടുക. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, ചാലക്കുടി സീറ്റുകളാണ് താത്പര്യപ്പെടുന്നത്. ഇതില്‍ നാലുസീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ.
കോട്ടയം സീറ്റ് കിട്ടിയാല്‍ തുഷാര്‍ മത്സരിക്കണമെന്ന് ബി.ഡി.ജെ.എസ്. സംസ്ഥാന കമ്മിറ്റിയിലും അഭിപ്രായമുയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസുകള്‍ മത്സരിക്കുന്ന കോട്ടയത്ത് രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കഴിഞ്ഞ തവണ തുഷാര്‍ വയനാട്ടിലാണ് മത്സരിച്ചത്. ഇത്തവണ വയനാട്ടില്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പദയാത്ര പൂര്‍ത്തിയായശേഷമേ സീറ്റ് സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ നടക്കൂ.