
സ്വന്തം ലേഖകൻ
തൊടുപുഴ: വ്യാപാര സ്ഥാപനത്തില്‍ കയറിയ പെരുമ്പാമ്പിന്‍ കുഞ്ഞിനെ അടിച്ചു കൊന്നതിന് രണ്ടു പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴ ഇടുക്കി റോഡിലെ മൊബൈല്‍ സര്‍വീസ് സെന്ററില്‍ പെരുമ്പാമ്പിന്റെ കുഞ്ഞ് കയറിയത്. ആളുകള്‍ കൂടിയതോടെ പാമ്പ് സ്ഥാപനത്തിനു മുകളിലായുള്ള ഷീറ്റിനു സൈഡിലൊളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും ഇവര്‍ക്കൊപ്പം പാമ്പിനെ പിടികൂടാന്‍ ലൈസന്‍സുള്ളവര്‍ ഇല്ലായിരുന്നു. അതിനാല്‍ ലൈസന്‍സുള്ള പാമ്പ് പിടിത്തക്കാരെയുമായി എത്താമെന്നു പറഞ്ഞ് ഇവര്‍ മടങ്ങി. എന്നാല്‍ ഇതിനിടെ രണ്ടു പേര്‍ ചേര്‍ന്ന് സ്ഥാപനത്തിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പാമ്പിനെ കുത്തി താഴെയിടുകയും അടിച്ചു കൊല്ലുകയുമായിരുന്നു.
വനം ഉദ്യോഗസ്ഥര്‍ പാമ്പ് പിടിത്തക്കാരെയുമായി എത്തിയപ്പോള്‍ പാമ്പ് ചത്തിരുന്നു. ഇതിനിടെ പാമ്പിനെ അടിച്ചു കൊന്നവര്‍ സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.
പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും പാമ്പിനെ കൊന്നവരുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു.
പെരുമ്പാമ്പിന്റെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം ഫോറസ്റ്റ് സര്‍ജനു കൈമാറും.
സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടില്ല.