
സ്വന്തം ലേഖകൻ
തൊടുപുഴ: ഭാര്യയെയും മകളെയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവെ, പരോളിലിറങ്ങിയ കൂവക്കണ്ടം താന്നിക്കവല ഭാഗത്ത് മലയില്‍ കരീമിനെ (ഹുസൈന്‍ – 54) സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ അയല്‍വാസിയും സുഹൃത്തുമായ ഓരത്തേല്‍ സുരേന്ദ്രന്റെ വീട്ടിലാണ് കരീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച സുരേന്ദ്രന്റെ വീട്ടിലെത്തിയ കരീം മദ്യപിച്ചശേഷം കിടന്നുറങ്ങി. രാത്രി വയറുവേദനിക്കുന്നതായി സുരേന്ദ്രനോട് പറഞ്ഞിരുന്നു. പുലര്‍ച്ചെ മരിച്ചനിലയിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ഞാര്‍ എസ്.ഐ. ജിബിന്‍ തോമസും സംഘവും സ്ഥലത്തെത്തി. തൊടുപുഴ തഹസീല്‍ദാര്‍ മോഹനകുമാരന്‍ നായരുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇറുക്കുപാലം ജുമാ മസ്ജിദില്‍ കബറടക്കും.
2003ലാണ് ഭാര്യ ആസിലി, ഇളയ മകള്‍ സുറുമി എന്നിവരെ കരീം കൊലപ്പെടുത്തിയത്. മൂത്ത മകള്‍ സുല്‍ഫത്ത് കരീമിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണുള്ളത്. കൊലക്കേസില്‍ ശിക്ഷ അനുഭവിക്കവെ, കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കരീമിന് പരോള്‍ ലഭിച്ചത്.