
സ്കൂളിന് ഫിറ്റ്നസ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസ്: പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ് രാജിവെച്ചു
തൊടുപുഴ: കൈക്കൂലിക്കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ് അവിശ്വാസപ്രമേയ ചര്‍ച്ചക്ക് തൊട്ടുമുമ്പ് രാജിവെച്ചു.
ഇതോടെ പ്രമേയം ചർച്ച ചെയ്യുന്നതിന് കൗണ്‍സില്‍ ചേരേണ്ടി വന്നില്ല. തിങ്കളാഴ്ച രാവിലെ 10ഓടെ നഗരസഭ ഓഫീസിലെത്തി സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. സ്കൂളിന് ഫിറ്റ്നസ് നൽകുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായതിനെ തുടര്‍ന്നുള്ള വിവാദങ്ങളാണ് ചെയര്‍മാന്റെ രാജിയില്‍ കലാശിച്ചത്.
എല്‍.ഡി.എഫ് നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും ചെയര്‍മാന്‍ രാജിക്ക് വഴങ്ങിയിരുന്നില്ല. ഇതോടെ ചെയര്‍മാനുള്ള പിന്തുണ പിന്‍വലിച്ചതായി സിപിഎം അറിയിച്ചു. താന്‍ നിരപരാധിയാണെന്നും രാജിവെച്ചാല്‍ തെറ്റ് സമ്മതിക്കലാകുമെന്നുമായിരുന്നു ചെയര്‍മാന്റെ നിലപാട്. പ്രതിപക്ഷ പ്രതിഷേധം തണുത്ത ഘട്ടത്തിൽ ചെയര്‍മാന്‍ അവധി റദ്ദാക്കി ഓഫീസിലെത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഴിമതിക്കാരനായ ചെയര്‍മാനെതിരെ എന്തുകൊണ്ട് അവിശ്വാസം കൊണ്ടു വരുന്നില്ലെന്ന ചോദ്യം സി.പി.എമ്മിനു നേരെ ഉയരുകയും പാർട്ടിയിൽ തന്നെ എതിർപ്പ് ശക്തമാകുകയും ചെയ്തതോടെയാണ് പ്രമേയം കൊണ്ടുവരാന്‍ എൽഡിഎഫ് തയാറായത്. അവിശ്വാസത്തെ യു.ഡി.എഫും ബിജെപിയും പിന്തുണക്കുമെന്ന് ഉറപ്പായതോടെ സ്ഥാനനഷ്ടം മുന്നിൽകണ്ടാണ് ചെയർമാന്‍റെ രാജി.