play-sharp-fill
വിദേശപഠനത്തിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍; തൊടുപുഴയിലെ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ റെയ്ഡ്; നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു; ഒളിവില്‍ പോയ ഉടമയ്ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു

വിദേശപഠനത്തിനായി വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍; തൊടുപുഴയിലെ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ റെയ്ഡ്; നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു; ഒളിവില്‍ പോയ ഉടമയ്ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു

സ്വന്തം ലേഖിക

തൊടുപുഴ: വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കി നല്‍കുന്ന തൊടുപുഴയിലെ ഏദന്‍സ് ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി.

റെയ്ഡില്‍ നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു. ഉടമ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജോര്‍ജന്‍ സി ജസ്റ്റിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ രാജ്യങ്ങളില്‍ പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികള്‍ അവിടുത്തെ ദൈനംദിന ചെലവുകള്‍ക്കായി നിശ്ചിത തുകയുടെ ബാങ്ക് ബാലന്‍സുണ്ടെന്ന സ്റ്റേറ്റ്മെന്‍റ് കാണിക്കണം. ഇതിനായി തൊടുപുഴയിലെ ഏദന്‍സ് എന്ന സ്ഥാപനം വ്യാജസ്റ്റേറ്റുമെന്‍റുകള്‍ തയ്യാറാക്കി നല്‍കുന്നതായി ഫെഡറല്‍ ബാങ്ക് അധികൃത‍ പരാതി നല്‍കിയിരുന്നു.

ഇതേത്തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് ഫെഡറല്‍ ബാങ്കിന്റെ പേരില്‍ നിര്‍മിച്ച നിരവധി വ്യാജ രേഖകള്‍ തൊടുപുഴ മങ്ങാട്ടുകവല കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഏദന്‍സ് ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിടിച്ചെടുത്തത്. ബാങ്കിന്‍റെ പേരില്‍ വ്യാജ ലെറ്റര്‍ പാഡ് തയ്യാറാക്കിയായിരുന്നു തട്ടിപ്പ്.

ഫെഡറല്‍ ബാങ്ക് മാനേജരുടെ വ്യാജ ഒപ്പും ഈ രേഖകളിലുണ്ടായിരുന്നു. വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കിയ സ്റ്റേറ്റുമെന്‍റുകള്‍ അതാത് രാജ്യങ്ങള്‍ സ്ഥിരീകരിക്കാനായി ബാങ്കിലേക്ക് അയച്ചപ്പോഴാണ് തട്ടിപ്പ്പുറത്തായത്. തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ പരാതി നല്‍കിയത്.

ജോബ് കണ്‍സള്‍ട്ടന്‍സി ഉടമ ജോര്‍ജന്‍ സി ജസ്റ്റിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. ഇയാളുടെ കഞ്ഞിക്കുഴിക്ക് സമീപം ചുരുളിയിലുള്ള വീട്ടിലും പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജോര്‍ജന്‍ ഒളിവില്‍ ആണെന്നും കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.