
തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവെന്ന പരാതിയുമായി വയോധികന്‍ .
കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കം ചെയ്യാതെ പറഞ്ഞയച്ചുവെന്ന പരാതിയുമായി തൊടുപുഴ ആനക്കയം സ്വദേശി രാജു(62)വാണ് രംഗത്തെത്തിയത്
ഒടുവിൽ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കമ്പ് പൂർണമായി നീക്കം ചെയ്തു.കഴിഞ്ഞ ഏപ്രിൽ 8നാണ് മരംവെട്ടു തൊഴിലാളിയായ രാജുവിന്റെ കാലിൽ മരക്കൊമ്പ് കയറിയത്. ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ.
കുറച്ചു ദിവസങ്ങൾ ആശുപത്രിയിലെത്തി മുറിവിൽ മരുന്ന് വച്ചുകെട്ടി. എന്നാൽ വേദന കൂടിയതോടെ സ്കാൻ ചെയ്യാൻ ഡോക്ടർ നിർദേശിച്ചു. സ്വകാര്യ സ്ഥാപനത്തിൽ 4000 രൂപ മുടക്കിയാണ് സ്കാൻ ചെയ്തത്. മരത്തിന്റെ ചെറിയ കഷണം കാലിനുള്ളിൽ തറച്ചതായി കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാൻ ഡോക്ടർ നിർദേശിച്ചെങ്കിലും അവിടെ പോകാനുള്ള ബുദ്ധിമുട്ട് അറിയിച്ചപ്പോൾ തൊടുപുഴയിൽ തന്നെ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോക്ടർ അറിയിച്ചു. ഏപ്രിൽ 30ന് കാലിൽ ശസ്ത്രക്രിയ നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാലിന്റെ ഉള്ളിൽ നിന്ന് ഏതാനും ഈർക്കിൽ പോലുള്ള കഷണങ്ങൾ നീക്കിയതായി ഡോക്ടർ രാജുവിനെ കാണിച്ചു. രണ്ടു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തെങ്കിലും ഒരാഴ്ചയോളം ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്തു. എന്നാൽ വേദന കുറഞ്ഞില്ല. പ്രമേഹം ഉള്ളതാവും മുറിവ് ഉണങ്ങാത്തതിനു കാരണമെന്ന് തോന്നി പാലാ പൂവരണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ശസ്ത്രക്രിയ ചെയ്ത ഭാഗം വീണ്ടും പരിശോധിച്ചപ്പോളാണ് മരത്തിന്റെ ചെറിയ കഷണം കാലിൽ ഉണ്ടെന്ന് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ അതു പുറത്തെടുത്തു. തുടർന്ന് വേദനയും കുറഞ്ഞു. കൂലിപ്പണിക്കാരനായ താൻ ഇത്രയും ദുരിതം അനുഭവിച്ചത് ജില്ലാ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമെന്ന് രാജു പറയുന്നു.