കൂട്ടക്കൊല: പിടിവള്ളിയായത് അടിമാലി സിഐയുടെ കണ്ടെത്തലുകൾ
സ്വന്തം ലേഖകൻ
ഇടുക്കി: വണ്ണപ്പുറം മുണ്ടൻമുടിയിലെ കൂട്ടക്കൊല കേസന്വേഷണത്തിൽ വഴിത്തിരിവായത് അടിമാലി സിഐ പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരം. ആറ് സിഐമാർ അടങ്ങുന്ന സംഘത്തെ നിയോഗിച്ച് അന്വേഷണം നടന്നെങ്കിലും പ്രതികളെ കുറിച്ച് യാതൊരു വിവരവും ആദ്യം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ആഭിചാര ക്രിയകൾ നടത്തുന്ന അനീഷിനെക്കുറിച്ച് സ്റ്റേഷനിലെ തന്നെ ഒരു എഎസ്ഐ സി.ഐയോട് പറയുന്നത്. എഎസ്ഐക്ക് ബന്ധുവഴി ലഭിച്ച ഈ വിവരമായിരുന്നു കേസിൽ പിടിവള്ളിയായത്. അനീഷ് ഏറെക്കാലം കൃഷ്ണന്റെ കീഴിൽ ദുർമന്ത്രവാദം പഠിച്ചതായും കൊലപാതകം നടന്ന ഞായറാഴ്ച ഇയാൾ സ്ഥലത്തില്ലായിരുന്നു എന്നുമായിരുന്നു വിവരം. ഇയാളുടെ പെരുമാറ്റത്തിൽ അസ്വഭാവികതയുണ്ടെന്ന് കൂടി പറഞ്ഞതോടെ കഥ മാറിമറിഞ്ഞു. ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിച്ച സിഐ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇത്. പിന്നാലെ പോലീസുണ്ടെന്ന് അറിഞ്ഞ് അനീഷ് കാട്ടിലേക്ക് കടന്നു. അമ്മയോടും സഹോദരിയോടും സമീപവാസികളോടും സംസാരിച്ച സിഐ ലഭിച്ച വിവരങ്ങൾ ശരിയാണെന്ന് ഉറപ്പിച്ചു. ഇതോടെ യഥാർത്ഥ പ്രതി അനീഷാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. അനീഷ് പൂജ പഠിച്ച അടിമാലിയിലെ മറ്റൊരു പൂജാരിയെക്കുറിച്ച് വിവരം ലഭിച്ചതോടെ ഇയാളുടെ അടുത്തെത്തി. നിർണായകമായ മൊഴി ലഭിച്ചത് ഇവിടെ നിന്നായിരുന്നു. കൊലപാതകത്തിന് മുമ്പ് തന്നെ ഇയാൾക്ക് ഇത് സംബന്ധിച്ച വിവരം ഉണ്ടായിരുന്നു. പൂജാരിയിൽ നിന്നാണ് തൊടുപുഴക്കാരനും ഉറ്റ സുഹൃത്തും വർക്ക്‌ഷോപ്പ് ജീവനക്കാരനുമായ ലിജേഷിനെക്കുറിച്ച് പോലീസ് അറിയുന്നത്. സംശയം ബലപ്പെട്ടതോടെ സിഐയും സംഘവും മഫ്തിയിൽ കാരിക്കോടുള്ള ലിജേഷിന്റെ വീട്ടിലെത്തി. അനീഷിനെ പിടികൂടിയെന്നും ഇനി ഒന്നും മറയ്ക്കേണ്ടെന്നും പറഞ്ഞതോടെ കഥകൾ ഒന്നൊന്നായി കൂട്ടാളി പറയുകയായിരുന്നു. പോലീസ് പിടിക്കാതിരിക്കാൻ അനീഷിന്റെ വീട്ടിൽ വച്ച് കോഴിയെ വെട്ടി കൂടോത്രം നടത്തിയതായും പൂജാരി പറഞ്ഞതാണ് പ്രതികളിലേക്ക് എത്താൻ സഹായകമായത്. തന്റെ സിദ്ധികൾ കൃഷ്ണൻ തട്ടിയെടുത്തെന്ന് വിശ്വസിച്ച അനീഷ് ഫെബ്രുവരി 26ന് ശേഷം ഇദ്ദേഹത്തെയും വിളിച്ചിരുന്നില്ല. ഇത് അനീഷിലേക്ക് എത്തുന്നതിന് വിലങ്ങുതടിയായിരുന്നു. തന്നിലേക്ക് എത്താനുള്ള എല്ലാ തെളിവുകളും നശിപ്പിച്ചാണ് കമ്പകക്കാനത്തെ വീട്ടിൽ നിന്ന് അനീഷ് മടങ്ങിയത്.