തൊടുപുഴയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി; തുരത്താൻ ശ്രമിക്കുന്നതിനിടെ വാച്ചര്‍ക്ക് പരിക്ക്; വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെൻസിങ് തകര്‍ത്തു

Spread the love

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ താല്‍ക്കാലിക വാച്ചർക്ക് പരിക്ക്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വാച്ചർ സാജുവിനാണ് ഗുരുതര പരിക്കേറ്റത്. ജനവാസ മേഖലയായ മുള്ളരിങ്ങാട് അമയല്‍തൊട്ടി മുസ്ലിം പള്ളി ഭാഗത്താണ് ഒറ്റയാൻ എത്തിയത്.

വനാതിർത്തിയില്‍ സ്ഥാപിച്ച ഫെൻസിങ് കാട്ടാന തകർത്തു. ഏറെനേരം പ്രദേശത്ത് ഭീതി സൃഷ്ടിച്ചാണ് കാട്ടാന മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കടന്ന കാട്ടാന വലിയ നാശ നഷ്ടമുണ്ടാക്കി. വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ജനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പ്രാണ രക്ഷാർത്ഥം ഓടിയപ്പോഴാണ് താല്‍ക്കാലിക വാച്ചർ സാജുവിന് വീണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.

നാട്ടുകാരുടെയും താല്‍ക്കാലിക വാച്ചർമാരുടെയും ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനയെ സമീപത്തെ വനത്തിലേക്ക് തുരത്തിയത്. ഉള്‍ക്കാട്ടിലേക്ക് പോകാതെ കാട്ടാന ജനവാസ മേഖലക്ക് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.